സത്യം ഉറക്കെ വിളിച്ചു പറഞ്ഞ്, അനീതിക്കെതിരെ വിരല്‍ ചൂണ്ടുകയായിരുന്നു ഹയർ സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ നാടകമത്സരം. ദളിത് രാഷ്ട്രീയവും ഫ്യൂഡലിസവും ഒളിഞ്ഞിരുന്ന് വിതയ്ക്കുന്ന അപകടങ്ങളും വാർധക്യത്തിലെ ഒറ്റപ്പെടലും പുതുതലമുറയുടെ വിദേശ പ്രേമവുമെല്ലാം നാടകങ്ങള്‍ ചർച്ച ചെയ്തു.
വേദിയിലെത്തിയ ആദ്യനാടകം തന്നെ പ്രകടനം കൊണ്ട് ആസ്വാദകരെ അമ്പരിപ്പിക്കുന്നതായിരുന്നു. മലപ്പുറം കുളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ‘ഇരവി‘യായിരുന്നു നാടകം. ഷിഖിൽ ഗൗരിയുടെ സംവിധാന മികവിൽ തട്ടിൽ കയറിയ ഇരവി ആസ്വാദകരെ ഇരമ്പത്തിലാക്കി. കാട് കാക്കുന്ന ഊര് മൂപ്പന്റെ മരണവും ആ സമയത്ത് പിറക്കുന്ന മകൾ കാടിന്റെ അവകാശിയാകുന്നതുമാണ് തുടക്കം. ചതിയിലൂടെ കാടും ഇരവിയെയും കീഴ്പ്പെടുത്താൻ എത്തുന്ന വീരനും ഇരവിയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. തന്റെ അമ്മയെ കൊന്നതുപോലെ വീരനെയും കൂട്ടാളികളെയും ഇരവി കൊല്ലുന്നിടത്താണ് നാടകത്തിന് തിരശീല വീഴുന്നത്. ഹരിലാൽ ബത്തേരിയുടേതാണ് രചന. ഇരവിയായി തകർത്താടിയ അനാമികയുടെ മെയ്‌വഴക്കം ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. നാലടി ഉയരത്തിൽ നിന്ന് അടക്കം ചാടി മറിഞ്ഞ് വീഴുന്ന കാട്ടുപെണ്ണിന്റെ ശൗര്യം അനാമികയിൽ അനായാസം നറിഞ്ഞു.
കണ്ണൂർ എടൂർ സെന്റ് മേരിസ് ഹയർ സെക്കന്‍ഡറി സ്കൂൾ വേദിയിലെത്തിച്ച ‘പോക്ക്’ പറഞ്ഞത് ന്യൂ ജൻസികളുടെ വിദേശ പ്രേമമാണ്. വിദേശത്തേക്ക് കണ്ണും നട്ട് കടൽ കടക്കുമ്പോൾ അവരറിയുന്നില്ല; നാട്ടിൽ ഒറ്റപ്പെട്ട് പോകുന്ന ജീവിതങ്ങൾ. ഈ പ്രമേയം ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് എടൂർ സ്കൂൾ അരങ്ങിലെത്തിച്ചത്. ദളിത് രാഷ്ടിയം പറഞ്ഞ എകെഎംഎച്ച്എസ്എസിന്റെ കരിമ്പുലി മികച്ച നിലവാരം പുലർത്തിയ നാടകമാണ്. എത്ര അടിച്ചമർത്തിയാലും സത്യവും നീതിയും എന്നെങ്കിലും ഉയർപ്പ് കണ്ടെത്തുമെന്ന സന്ദേശം നിരത്തി വേദിയിലെത്തിയ ‘കുരിശ് ’ മികവാർന്ന പ്രകടനം കാഴ്ചവച്ചു. കോഴിക്കോട് ജില്ലയിലെ കോക്കല്ലൂർ ജിവിഎച്ച്എസ്എസ് ആണ് കുരിശേന്തിയത്. വിനോയ് തോമസിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ നാടകത്തിന്റെ രചന വിനീഷ് പാലയാട്ടും സംവിധാനം മനോജ് നാരായണനുമാണ്.
കലോത്സവത്തിന്റെ നാലാം ദിനം വേദി 11 കർണികാരത്തിൽ കുട്ടിക്കൂട്ടങ്ങൾ മതിമറന്ന് ആടിയപ്പോൾ സാംസ്കാരിക നഗരവും മതിമറന്നു. ആകെ 16 നാടകങ്ങളാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ മാറ്റുരച്ചത്. അതിൽ ഭൂരിഭാഗം ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചു. രാത്രി ഏറെ വൈകി അവസാന നാടകത്തിനും കർട്ടൺ വീണതിന് ശേഷമാണ് സദസ് ശൂന്യമായത്. ജനപ്രിയ ഇനമായ നാടകങ്ങളെ തൃശൂർ ജനത ഇരുകയ്യും നീട്ടി സ്വീകരിച്ചതിന് തെളിവായിരുന്നു ജനസഞ്ചയം. രണ്ടാം ദിനത്തിൽ ഇതേ വേദിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിലും വേദി നിറഞ്ഞുകവിഞ്ഞിരുന്നു.

