അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായി പോളണ്ട്. റഷ്യന്‍ ഡ്രോണുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവച്ചിട്ടതായും പോളണ്ട് അറിയിച്ചു. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോളണ്ട് അതീവജാഗ്രതയിലാണ്. തലസ്ഥാനമായ വാര്‍സോയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തിയതിന് പിന്നാലെ സൈനികവിമാനങ്ങള്‍ സജ്ജമാക്കിയതായി പോളിഷ് സായുധസേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം ശക്തമാക്കി. റഡാര്‍ സംവിധാനങ്ങളും സജ്ജമാണ്. സൈനിക നടപടി തുടരുകയാണെന്നാണ് സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന പോഡ്‌ലാസ്കി, മസോവീക്കി, ലുബെൽസ്കി പ്രവിശ്യകളിലെ താമസക്കാരോട് സൈനിക പ്രവർത്തനങ്ങൾ തുടരുന്നതുവരെ വീട്ടിൽ തന്നെ തുടരാൻ പോളണ്ട് അധികൃതർ ഉത്തരവിട്ടു. ഉക്രെയ‍്നുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പോളണ്ട് ശക്തമായ നിരീക്ഷണം തുടരുകയാണ്.
ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും വ്യോമാതിർത്തി ലംഘിച്ച് വരുന്ന വസ്തുക്കൾക്ക് നേരെ സൈന്യം ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് സ്ഥിരീകരിച്ചു. പ്രസിഡന്റ് കരോൾ നവ്‌റോക്കിയുമായും പ്രതിരോധ മന്ത്രി വ്ലാഡിസ്ലാവ് കൊസിനിയാക്-കാമിസുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ചും വ്യോമാതിർത്തി ലംഘിക്കുന്ന വസ്തുക്കൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടിനോട് വിശദീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ കമാൻഡുമായി പോളണ്ട് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കോസിനിയാക്-കാമിസ് പറഞ്ഞു. തകർന്ന ഡ്രോണുകൾക്കായുള്ള നിലത്തെ തിരച്ചിലിനായി ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സ് സജീവമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

