മഞ്ചേരി നഗരമധ്യത്തിൽ പൊലീസും പണിമുടക്ക് അനുകൂലികളും ഏറ്റുമുട്ടി. ലോഡുമായി എത്തിയ ലോറി ഡ്രൈവറോട് സമരവുമായി സഹകരിക്കണമെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ ആർ ജസ്റ്റിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സമരക്കാരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും പിടിച്ചു തള്ളുകയുമായിരുന്നു. ഇതോടെ പ്രവർത്തകരൊന്നടങ്കം പൊലീസിന് നേരെ തിരിയുകയും പ്രശ്നം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.
നേതാക്കൾ ഇടപെട്ടതോടെ പ്രശ്നം അവസാനിച്ചു. സംഭവത്തിൽ പൊലീസ് കേസ്സെടുത്തു. സിപിഐ(എം) ഏരിയ സെക്രട്ടറി അഡ്വ. ഫിറോസ് ബാബു ഒന്നാം പ്രതിയായും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

