തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഡല്‍ഹി ആസ്ഥാനത്ത് നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം അടിച്ചൊതുക്കി പൊലീസ്. പാർട്ടിയുടെ രാജ്യസഭാ കക്ഷിനേതാവ് ഡെറക് ഒബ്രിയാന്‍ അടക്കം പത്തോളം നേതാക്കളെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തു. പൊലീസുകാര്‍ നേതാക്കളെ കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി ഉന്നയിക്കുന്നതിനായി കൂടിക്കാഴ്ച നടത്താനാണ് തൃണമൂല്‍ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസായ വിജ്ഞാന്‍ ഭവനിലെത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് കേന്ദ്ര അന്വേഷണ ഏജന്‍സി മേധാവികളെ നീക്കം ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓഫിസ് പരിസരത്തായി 24 മണിക്കൂര്‍ ധര്‍ണ ആരംഭിച്ചു.
ധര്‍ണ ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞശേഷമാണ് പൊലീസ് നടപടി ആരംഭിച്ചത്. ഡോല സെൻ, സാഗരിക ഘോഷ്, സാകേത് ഗോഖലെ, ശന്തനു സെൻ തുടങ്ങിയവരെയും പൊലീസ് വലിച്ചിഴച്ച് നീക്കി. 63കാരനായ ഒബ്രിയനെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ബസിലേക്ക് വലിച്ചിഴച്ചുകയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
English Summary: Police beat TMC MPs who protested against the Election Commission
You may also like this video