Site iconSite icon Janayugom Online

ഹെല്‍മെറ്റ് വെയ്ക്കാത്തതിന് ആറായിരം രൂപ പിഴ ചുമത്തി പൊലീസ്; പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ടാക്കി ലൈന്‍മാന്‍

പിഴ ചുമത്തിയതിലുള്ള ദേഷ്യം തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം കട്ടാക്കി ലൈന്‍മാന്‍. താനാഭവന്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് ലൈന്‍മാന്‍ തടസപ്പെടുത്തിയത്. ഓഗസ്റ്റ് 23 ‑നാണ് സംഭവം. മെഹ്താബ് എന്ന ലൈന്‍മാന്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോവുകയായിരുന്നു. പൊലീസുകാരന്‍ വണ്ടി നിര്‍ത്തിക്കുകയും പിഴയായി ആറായിരം രൂപ ചുമത്തുകയും ചെയ്തു. താനിനി ആവര്‍ത്തിക്കില്ല, പിഴയില്‍ നിന്നും ഒഴിവാക്കണമെന്നും അപേക്ഷിച്ചെങ്കിലും പൊലീസുകാരന്‍ ഇതൊന്നും കേള്‍ക്കാതെ വൈദ്യുതി വകുപ്പിലുള്ളവര്‍ അമിത പണം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നായിരുന്നു പ്രതികരിച്ചത്.

ഇതോടെ താനാഭവന്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ലൈന്‍മാന്‍ വൈദ്യുത തൂണില്‍ കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘തനിക്ക് ആകെ കിട്ടുന്ന ശമ്പളം അയ്യായിരം രൂപയാണ്. എന്നോട് പിഴയായി വാങ്ങിയത് ആറായിരം രൂപയാണ്. ഞാന്‍ ആ പൊലീസുകാരനോട് പറഞ്ഞതാണ് എന്നോട് ഇത്തവണ ക്ഷമിക്കൂ, ഭാവിയില്‍ ഒരിക്കലും ഞാനിത് ആവര്‍ത്തിക്കില്ല എന്ന്. പക്ഷേ, അവര്‍ യാതൊരു ദയയും കാണിച്ചില്ല’ എന്നും മെഹ്താബ് പ്രതികരിച്ചു.

എന്നാല്‍, പൊലീസ് സ്റ്റേഷന് ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലുകള്‍ കുടിശ്ശികയുണ്ടെന്നാണ് വൈദ്യുതി ലൈന്‍ വിച്ഛേദിച്ചതിന് വൈദ്യുതി വകുപ്പ് പറഞ്ഞത്. വൈദ്യുതി വകുപ്പില്‍ നിന്നുമുള്ള അമിതേഷ് മൗര്യ പറയുന്നത് 55,000 രൂപ ബില്ലിനത്തില്‍ പൊലീസ് സ്റ്റേഷന്‍ അടക്കാനുണ്ട്. അതുകൊണ്ടാണ് വൈദ്യുതി വിച്ഛേദിച്ചത് എന്നാണ്.

Eng­lish sum­ma­ry; Police imposed a fine of Rs 6,000 for not wear­ing a hel­met; The line­man cut off the pow­er to the police station

You may also like this video;

Exit mobile version