Site iconSite icon Janayugom Online

ജെഫ്രി എപ്‌സ്റ്റീന്റെ ലണ്ടൻ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള യാത്രകളിൽ പൊലീസ് അന്വേഷണം

ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളം കേന്ദ്രീകരിച്ച് ജെഫ്രി എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനങ്ങൾ നടത്തിയ യാത്രകളെക്കുറിച്ച് എസെക്സ് പൊലീസ് പ്രാഥമിക പരിശോധന ആരംഭിച്ചു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. 1990കൾ മുതൽ 2018 വരെയുള്ള കാലയളവിൽ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എൺപതിലധികം വിമാനങ്ങൾ യുകെയിലെ വിമാനത്താവളങ്ങളിൽ എത്തിയതായി നേരത്തെ റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

പെൺവാണിഭ ശൃംഖലയുടെ ഇരകളെ വിമാനങ്ങൾ വഴി കടത്തിക്കൊണ്ടുപോയിട്ടുണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ വെച്ച് യുവതികളെ ഒരു വിമാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേ വിഷയത്തിൽ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻസർ, മുൻ അംബാസഡർ പീറ്റർ മണ്ടൽസൺ എന്നിവർക്കെതിരെയും വിവിധ പൊലീസ് സേനകൾ അന്വേഷണം നടത്തിവരികയാണ്. നിലവിൽ ലഭ്യമായ വിവരങ്ങൾ പൊലീസ് വിലയിരുത്തി വരികയാണെന്നും ഇത് പൂർണ്ണമായ ക്രിമിനൽ അന്വേഷണത്തിലേക്ക് നയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

Exit mobile version