Site icon Janayugom Online

ഡോഗ് സ്ക്വാഡ് അംഗമായിരുന്ന കല്യാണിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം

dog

നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഡോഗ് സ്ക്വാഡ് അംഗമായിരുന്ന കല്യാണിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം. സംഭവത്തില്‍ പൂന്തുറ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരത്ത് പ്രമാദമായ നിരവധി കേസുകളിൽ തുമ്പുണ്ടാക്കിയ നായയാണ് ഇൻസ്പെക്ടർ റാങ്കിലുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട കല്യാണി. 

നവംബർ 20 നാണ് കല്യാണി മരിച്ചത്. രാസവസ്തു അകത്തുചെന്നതായി സംശയിക്കുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ഡോഗ് ഹാൻഡലർമാരായ മൂന്നുപേർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. കല്യാണിക്ക് അർബുദമുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ മരുന്നുകളും നൽകുന്നുണ്ടായിരുന്നു. മരിച്ച് 14 മണിക്കൂറിന് ശേഷവും രക്തം കട്ടപിടിച്ചിരുന്നില്ല. ഇതാണ് രക്തത്തിൽ രാസവസ്തു കലർന്നിരുന്നോയെന്ന സംശയത്തിന് ഇടയാക്കിയത്. ആന്തരികാവയങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

കല്യാണിയുടെ ശരീരത്തിൽ രാസാംശം കണ്ടെത്തിയ സാഹചര്യത്തിൽ കെ 9 സ്ക്വാഡിലെ മറ്റ് നായകളെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. രാസപരിശോധനാ ഫലം ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തതയുണ്ടാകൂവെന്ന് സിറ്റി പൊലീസ് മേധാവി സി എച്ച് നാഗരാജു അറിയിച്ചു. കല്യാണിയെ പരിചരിക്കുന്നതിൽ എന്തെങ്കിലും പോരായ്മ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഭക്ഷണത്തിനൊപ്പം മറ്റെന്തെങ്കിലും അകത്ത് എത്താൻ സാധ്യതയുണ്ടോയെന്ന വിവരങ്ങൾ ഡോഗ് ഹാൻഡ്‌‌ലര്‍മാരിൽ നിന്ന് തേടുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Police inves­ti­ga­tion to clear the mys­tery of the death of Kalyani who was a mem­ber of the dog squad

You may also like this video

Exit mobile version