പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചതിൽ ഭയന്ന് യുവാവ് അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇൻഡോറിലെ തപ്തി കോംപ്ലക്സിൽ വ്യാഴാഴ്ച പുലർച്ചെയാണ് രാജ് മക്വാന(23) എന്ന യുവാവ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ശാരീരിക ഉപദ്രവമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്ക് ഉറക്കമുണര്‍ന്ന രാജിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഫ്ലാറ്റിന് പുറത്തിറങ്ങി നടക്കുകയായിരുന്നു. മാസങ്ങളായി വീടിനുള്ളിൽ തന്നെയാണ് രാജ് കഴിഞ്ഞിരുന്നത്. ദീർഘനാളായി മാനസിക സമ്മർദ്ദത്തിന് ചികിത്സയിലായിരുന്നു യുവാവ്. എന്നാൽ ഇന്നലെ രാത്രി നടക്കാനിറങ്ങിയ രാജിനെ സെക്യൂരിറ്റി ഗാർഡ് തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നുവെന്ന് സഹോദരി നികിത പറഞ്ഞു. ഇത് പിന്നീട് തർക്കത്തിലേക്ക് നീങ്ങിയതോടെ ഗാർഡ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുടുംബാംഗങ്ങൾ രാജ് ചികിത്സയിലാണെന്നും മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും പൊലീസിനോട് പറയുകയും രാജിനെ വിട്ടയക്കണമെന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നം അവസാനിപ്പിക്കാന്‍ രാജ് പൊലീസിനോട് മാപ്പ് പറഞ്ഞെങ്കിലും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ രാജിന്റെ കരണത്തടിച്ചുവെന്ന് കുടുംബം ആരോപിക്കുന്നത്. “പൊലീസ് എന്നെ പിടിച്ചുകൊണ്ടുപോകുമെന്ന് പേടിയാകുന്നു, ഞാൻ ഒളിച്ചിരിക്കാൻ പോവുകയാണ് ” എന്ന് പറഞ്ഞാണ് അവൻ വീട്ടിലേക്ക് വന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അവൻ മുകളിൽ നിന്ന് താഴേക്ക് ചാടി മരിച്ചുവെന്ന് സഹോദരി നികിത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് മർദ്ദനമുണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അസമയത്ത് ഒരാൾ പ്രശ്നമുണ്ടാക്കുന്നതായി സെക്യൂരിറ്റി ഗാർഡ് അറിയിച്ചതിനെത്തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് അഡീഷണൽ ഡിസിപി രാജേഷ് ദണ്ഡോട്ടിയ പറഞ്ഞു. യുവാവിനും മാതാവിനും കൗൺസിലിംഗ് നൽകി മടങ്ങുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻഡോർ പൊലീസ് അറിയിച്ചു. രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

