പൊലീസിന്റെ മോശം പെരുമാറ്റത്തിൽ ഹൈക്കോടതിയുടെ മുന്നറിയിപ്പ്. പൊലീസുകാരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായാൽ മേലുദ്യോഗസ്ഥർക്കെതിരേ നടപടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥർ കുറ്റക്കാരാണെന്നും അവർക്കെതിരെ നടപടിക്ക് മടിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
നടപടി എടുക്കാത്ത മേലുദ്യോസ്ഥർ കുറ്റക്കാരാണെന്നും അത്തരം ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാൻ മടിക്കില്ലെന്നും കോടതി പറഞ്ഞു. ഡിജിപിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം ഉണ്ടായെന്നു നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥർ അത് അനുസരിക്കുകയും വേണം എന്ന് ചൂണ്ടിക്കാട്ടി. പോലീസിന്റെ നല്ല പെരുമാറ്റത്തിനായി പുറപ്പെടുവിച്ച നിർദേശങ്ങളും ഉത്തരവുകളും പേപ്പറിൽ മാത്രം ഒതുങ്ങുന്ന സാഹചര്യം ആണെന്നും അത്തരം സാഹചര്യം അനുവദിക്കാനാകില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പൊലീസിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് മുൻപ് ഒരു ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഈ ഹർജി വീണ്ടും പരിഗണിക്കവേയാണ് കോടതി മുന്നറിയിപ്പ് നൽകിയത്.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് നിലവിൽ സമർപ്പിച്ച റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിച്ചു. നടപടി റിപ്പോർട്ട് വീണ്ടും നൽകണം എന്നും നിർദേശിച്ചിരിക്കുകയാണ്. നിയമം അനുശാസിക്കുന്ന സാഹചര്യത്തിൽ അല്ലാതെ ബലപ്രയോഗം പാടില്ലെന്നാണ് ഡിജിപിയുടെ നിർദേശം. ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമായി ബല പ്രയോഗം വേണ്ടി വന്നാൽ അത് നിയമാനുസൃതം മാത്രമേ ആകാവൂ എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
നേരത്തെ പൊലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി ഉയർന്നപ്പോൾ സംസ്ഥാനത്തെ മുഴുവൻ പൊലീസുകാർക്കും സർക്കുലർ അയയ്ക്കാൻ ഡിജിപിയോട് കോടതി നിർദേശിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ച് സർക്കുലർ അയച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. സർക്കുലർ വന്നിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് മോശം പെരുമാറ്റമാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷക. ചൂണ്ടിക്കാണിച്ചു. നവംബർ പത്തിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
English Summary:
police misconduct; High Court will not hesitate to take action against superiors
You may also like this video: