Site icon Janayugom Online

പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ചെറുതോണി: പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷാ(43)ആണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. 2017- 18‑ൽ, പോലീസുകാരായ സഹപ്രവർത്തകരെക്കൊണ്ട് പോലീസ് സൊസൈറ്റിയിൽനിന്നും വായ്പ എടുപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സൊസൈറ്റിയിൽ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15000 മുതൽ 25000 വരെയും വാഗ്ദാനംചെയ്താണ് ഇയാൾ പണം വാങ്ങിയത്.

ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നൽകാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാൾ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ആദ്യ ആറുമാസം ഇത്തരത്തിൽ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്കുകയുംചെയ്തു. ഒരുവർഷം കഴിഞ്ഞപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടർന്ന് ഇയാളെ 2019‑ൽ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടു.

പരാതിപ്രകാരം, ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവരുന്നത്. എന്നാൽ ആറ് കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തെന്ന് സൂചനയുണ്ട്. വകുപ്പുതല നടപടി ഭയന്ന്, പണം നൽകിയ പോലീസുകാരിൽ ഏറിയ പങ്കും പരാതി നൽകിയിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ പ്രതി മുങ്ങി. ഒടുവിൽ ഇക്കൊല്ലം ഇടുക്കി ഡി.സി.ആർ.ബി. കേസന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: for­mer police offi­cer arrested

You may also like this video

Exit mobile version