Site iconSite icon Janayugom Online

പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോ ഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ എഡിജിപി എസ് ശ്രീജിത്തിനെ അതൃപ്തി അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടപടി അനുചിതം,നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട് ചർച്ച ചെയ്യും. മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടയ്ക്കുന്ന പ്രവൃത്തിയാണു പൊലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 

ശബരിമലയില്‍ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലീസുകാരെ ആകെ ബാധിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്നും ബോര്‍ഡ് വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഫോട്ടോയെടുത്തത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ദേവസ്വം ബോർഡ് പറഞ്ഞു. പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയതാണ് വിവാദമായത്. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പൊലീസുകാർ ആണ് പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത്. 

ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ സന്നിധാനം സ്പെഷ്യൽ ഓഫിസര്‍ കെ ഇ ബൈജു ഐപിഎസിനോട് എഡിജിപി ശ്രീജിത്ത് റിപ്പോർട്ട് തേടി. അന്വേഷണത്തിന്റെ ഭാഗമായി അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. അതിനിടെ, ശബരിമല സന്നിധാനത്തും സോപാനത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വിഡിയോ ചിത്രീകരണത്തിൽ ഹൈക്കോടതി ഇടപെട്ടു. എക്സിക്യൂട്ടീവ് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Exit mobile version