Site iconSite icon Janayugom Online

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലില്‍ പൊലീസ് റെയ്ഡ്: കമ്പ്യൂട്ടറും ലാപ്ടോപ്പും പിടിച്ചെടുത്തു

marunadan malayalimarunadan malayali

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ്. കൊച്ചി സെന്‍ട്രൽ എസിപിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയോടെയാണ് പരിശോധന നടന്നത്. ഓഫീസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും, ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനും, പി വി ശ്രീനിജൻ എം എൽ എ യ്ക്ക് എതിരായ വാർത്ത ഉറവിടം കണ്ടെത്താനും ആണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

വ്യാജവാർത്ത നൽകി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎൽഎയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. കേസിൽ ഷാജന്‍ സ്കറിയ മുന്‍കൂർ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. മുന്‍കൂർ ജാമ്യാപേക്ഷയിൽ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്കറിയയുടെ ആവശ്യവും കോടതി നിരസിച്ചതിനുപിന്നാലെ ഷാജന്‍ ഒളിവിൽപ്പോയിരുന്നു. 

Eng­lish Sum­ma­ry: Police raid on Marunadan Malay­ali online chan­nel: com­put­er and lap­top seized

You may also like this video

Exit mobile version