Site icon Janayugom Online

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് അന്തിമ റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസിന്റെ അന്തിമ റിപ്പോർട്ട്. വിശദമായ അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. സംഭവത്തിൽ അട്ടിമറിയോ ഉദ്യോഗസ്ഥർക്ക് ഇടപെടലോ ഉണ്ടായിട്ടില്ല. അപ്രധാന കടലാസുകൾ മാത്രമാണ് കത്തിപ്പോയത്. ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയതിൽ വകുപ്പ് തല അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്.

തീപിടിത്തം സംബന്ധിച്ച് വിവിധ അന്വേഷണ വിഭാഗങ്ങൾ നേരത്തെ റിപ്പോർട്ട് നൽകിയതിന് സമാനമായ കാര്യങ്ങളാണ് പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും വ്യക്തമായത്. അഗ്നിബാധയ്ക്ക് കാരണം ഫാനിന്റെ മോട്ടോർ തകരാർ മൂലം പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണതാണെന്നാണ് അനുമാനം.

പ്രോട്ടോക്കോൾ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് അടക്കം തീപിടിത്തവുമായി ബന്ധമില്ല. അഗ്നിബാധയുണ്ടായ ദിവസം ശുചീകരണ തൊഴിലാളികൾ മാത്രമാണ് ഓഫീസിൽ പ്രവേശിച്ചത്. ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്യുന്നതിൽ തൊഴിലാളികൾക്ക് അശ്രദ്ധയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ഏറെ നേരം ഓണായി കിടന്ന ഫാനിന്റെ മോട്ടോറിന് തകരാർ ഉണ്ടായിരുന്നു. ചൂട് വർധിച്ച് പ്ലാസ്റ്റിക് പുറംചട്ട ഉരുകി തൊട്ടു താഴെയുണ്ടായിരുന്ന കടലാസിൽ വീണ് തീപിടിച്ചു എന്നാണ് കണ്ടെത്തൽ. ഇത് തെളിയിക്കാൻ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനീയറിങ് ആന്റ് ടെക്നോളജീസിലും പരിശോധന നടത്തി. തീപിടിത്തത്തിന് കാരണം ഫാനിന്റെ തകരാറോ ഷോർട്ട് സർക്യൂട്ടോ അല്ലെന്ന ഫോറൻസിക് പ്രാഥമിക റിപ്പോർട്ടിനെത്തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ആരോപണ വിധേയരടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചു. അഗ്നിബാധയുണ്ടായ സമയം ഉദ്യോഗസ്ഥരാരും ഓഫീസിൽ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

You may also like this video:

Exit mobile version