വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന് തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് കൈമാറി.
ഫോൺ ഹാക്ക് ചെയ്തത് ഫോറൻസിക് പരിശോധനയിലും തെളിയിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തല്ല വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഐഎഎസ് ഓഫിസർമാരെ അംഗങ്ങളാക്കി ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ് ഗോപാലകൃഷ്ണന്റെ നമ്പറിൽ നിന്ന് സൃഷ്ടിച്ചത്. മറ്റൊരു ഓഫിസർ വിളിച്ചുപറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റ റിപ്പോർട്ട് നൽകിയത്. പിന്നാലെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. വിവരങ്ങള്‍ മുഴുവൻ നീക്കി റീസെറ്റ് ചെയ്താണ് ഗോപാലകൃഷ്ണൻ രണ്ടുഫോണുകളും പൊലീസിന് കൈമാറിയത്.
റീസെറ്റ് ചെയ്ത ഫോൺ ഹാക്ക് ചെയ്യപ്പെട്ടോയെന്ന് കണ്ടെത്താനാകില്ലെന്നാണ് ഫോറൻസിക് വിദഗ്ധർ കമ്മിഷണറെ അറിയിച്ചത്. റീസെറ്റ് ചെയ്ത ഫോണിൽ നിന്നുള്ള വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് ഗൂഗിളും പൊലീസിന് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് ഫോൺ ഹാക്ക് ചെയ്തതായി സ്ഥിരീകരിക്കാനാവശ്യമായ തെളിവില്ലെന്ന് വ്യക്തമാക്കി കമ്മിഷണര്‍ ഡിജിപി ഡോ. ഷേഖ് ദർവേഷ് സാഹിബിന് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Police said there is no evidence that the phone of the director of the industry was hacked