ബലാത്സംഗക്കേസ് പ്രതിയായ നടൻ വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും പിടികൂടുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ലെന്നും പൊലീസ് പറഞ്ഞു. വിജയ് ബാബുവിനെതിരെ ചൊവ്വാഴ്ചയ്ക്കുള്ളിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. റെഡ് കോർണർ നോട്ടീസ് ഉണ്ടെങ്കിൽ ഏത് രാജ്യമാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. മെയ് 19ന് പാസ്പോർട്ട് ഓഫീസ് മുമ്പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളു എന്ന് വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചത്. കോടതി നടപടികൾ നീളുന്ന സാഹചര്യത്തിലാണ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് പൊലീസ് വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
English Summary:Police say they will catch Vijay Babu no matter where he is
You may also like this video