ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ വിശ്വാസത്തിന് യാതൊരുവിധ സ്വാധീനവുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിശ്വാസങ്ങള്‍ക്കതീതമായി രണ്ടുപേര്‍ നിയമപരമായി വിവാഹം കഴിക്കുന്ന കേസുകളിൽ പൊലീസ് വേഗത്തിലും വിവേകത്തോടെയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഭീഷണി നേരിടുന്നതായി ദമ്പതികള്‍ പരാതിപ്പെട്ടാല്‍ അവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമാണ് പൊലീസ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ജസ്റ്റിസ് അനൂപ് കുമാർ മെണ്ടിരട്ട നിരീക്ഷിച്ചു. ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ഭാര്യയുടെ കുടുംബാംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കാട്ടി യുവാവ് നല്‍കിയ പരാതിയില്‍ മൂന്ന് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. യുവതിയുടെ മാതാവ്, മുത്തിശ്ശി, സഹോദരി എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.
കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് ദമ്പതികളെ തട്ടിക്കൊണ്ടു പോയ കുടുംബം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗം കോടാലികൊണ്ട് മുറിച്ചുമാറ്റി ഓടയില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ സഹോദരന്‍ ഇയാളെ രക്ഷിച്ച് എടിയംസ് ട്രോമ സെന്ററില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ യുവാവിനെ കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ഭീഷണി മുഴക്കിയിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് രജൗരി ഗാര്‍ഡന്‍സ് പൊലീസില്‍ അപേക്ഷ നല്‍കി തിരികെ പോകുമ്പോഴാണ് ദമ്പതികളെ തട്ടിക്കൊണ്ടു പോകുന്നത്. പരാതിക്കാരന്റെ സ്വകാര്യഭാഗം വെട്ടിമാറ്റാൻ യുവതിയുടെ മുത്തശ്ശി മറ്റ് കുടുംബാംഗങ്ങളോട് നിർദ്ദേശിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.
സഹോദരിക്ക് ജാമ്യം അനുവദിച്ച കോടതി മാതാവിന്റെയും മുത്തശ്ശിയുടെയും അപേക്ഷകള്‍ തള്ളി. സംഭവത്തില്‍ പൊലീസിന്റെ പങ്കിനെ വിമര്‍ശിച്ച കോടതി ദമ്പതികളുടെ സുരക്ഷയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തത് ദൗർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി.
English Summary: Police should provide protection if threatened in love marriage: Court
You may also like this video