Site icon Janayugom Online

‘തൊണ്ടി’ വാഹനങ്ങള്‍ നിറഞ്ഞ് പൊലീസ് സ്റ്റേഷനുകള്‍: കെട്ടിക്കിടക്കുന്നത് 26,708 വാഹനങ്ങള്‍

police

കേസുകളിലും അപകടങ്ങളിലും പെട്ട വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കുമിഞ്ഞുകൂടുന്നു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലുമായി 26,708 തൊണ്ടി വാഹനങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. സ്റ്റേഷനുകള്‍ വാഹനങ്ങളുടെ ശവപ്പറമ്പാക്കാതെ ഇവ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാന്‍ അടിയന്തരമായി ലേലം നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
2021ല്‍ ഇത്തരത്തിലുള്ള വാഹനങ്ങളില്‍ അവകാശികളില്ലാത്തവയുടെ ലേലം നടന്നിരുന്നു. അന്ന് മലപ്പുറത്ത് അഞ്ച് കോടിയും തൃശൂരില്‍ 67 ലക്ഷം രൂപയും ലേലത്തില്‍ ലഭിച്ചു. എന്നാല്‍ വീണ്ടും പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. കേസുകൾക്കു വേഗം തീർപ്പുണ്ടാക്കാനായാൽ വാഹനങ്ങള്‍ ഇത്തരത്തില്‍ നശിക്കുന്നത് ഒഴിവാക്കാം. അപകടവുമായി ബന്ധപ്പെട്ട തെളിവെടുപ്പും വിശദമായ മഹസറുമൊക്കെ പൂർത്തിയാക്കി മതിയായ ഉറപ്പിന്മേൽ വാഹനങ്ങൾ ഉടമയ്ക്കു വിട്ടുനല്കാൻ വ്യവസ്ഥ ചെയ്താലും അപകട വാഹനങ്ങൾ വർഷങ്ങളോളം കിടന്ന് തുരുമ്പെടുത്തു നശിക്കില്ല. 

നിലവിൽ അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലാത്തവയ്ക്ക് മഹസർ തയ്യാറാക്കി രസീത് വാങ്ങി വിട്ടു കൊടുക്കും. തുടര്‍നടപടികള്‍ ആവശ്യമുള്ളവ കോടതി വഴിയാണ് നല്‍കുന്നത്. നിലവില്‍ തൃശൂര്‍ ജില്ലയിലാണ് തൊണ്ടി വാഹനങ്ങള്‍ ഏറ്റവുമധികമുള്ളത്. തൃശൂര്‍ സിറ്റി പരിധിയില്‍ 2401 വാഹനങ്ങളും റൂറല്‍ പരിധിയില്‍ 1756 വാഹനങ്ങളുമുള്‍പ്പെടെ 4157 വാഹനങ്ങളാണ് വിവിധ കേസുകളിലായി ജില്ലയില്‍ സൂക്ഷിച്ചിട്ടുള്ളത്.
ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരം മലപ്പുറത്ത് 3183 വാഹനങ്ങളും തിരുവനന്തപുരത്ത് 2840, കൊല്ലത്ത് 2536, കോഴിക്കോട് 2127, പാലക്കാട് 2067, എറണാകുളം 1758, കണ്ണൂർ 1678, കാസർകോട് 1626, ആലപ്പുഴ 1494, കോട്ടയം 1240, പത്തനംതിട്ട 1048, ഇടുക്കി 520, വയനാട് 425 തൊണ്ടി വാഹനങ്ങളുമാണ് നിലവിലുള്ളത്.
വര്‍ധിച്ച ചൂടില്‍ തീപിടിത്ത സാധ്യതയും കൂടി കണക്കിലെടുത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യേണ്ടതുണ്ട്. 

Eng­lish Sum­ma­ry: Police sta­tions full of vehi­cles: 26,708 vehi­cles are parked

You may also like this video

Exit mobile version