Site iconSite icon Janayugom Online

വിദ്യാര്‍ത്ഥികളുടെ പരാതികളറിയാന്‍ പൊലീസ്

ഈ അധ്യയന വർഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ പരാതികളറിയാനൊരുങ്ങി കേരള പൊലീസ്. വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനുമായി പരാതിപ്പെട്ടി സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. സംസ്ഥാനത്തെ സ്കൂളുകളില്‍ പൊലീസ് ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്‌പിജി) നേതൃത്വത്തിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഓരോ സ്കൂളിലും അതത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതിപ്പെട്ടിയില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ എല്ലാ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും.

പരാതിപ്പെട്ടികൾ എല്ലാ സ്കൂളുകളിലും സ്ഥാപിക്കും. സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതവുമാണ് പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുക. പരാതിയിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായ പരാതികളില്‍ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുകയും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറുമെന്നും കേരള പൊലീസ് അറിയിച്ചു. 

Exit mobile version