സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെയായ നടപടികള്‍ കര്‍ശനമാക്കാൻ പൊലീസ് തീരുമാനം. തൃശൂരില്‍ ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ച സംഭവം കൂടി കണക്കിലെടുത്താണ് ശക്തമായ നടപടിക്ക് ഡിജിപി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശിച്ചത്. റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ശക്തമാക്കാനും നിർദ്ദേശം നല്‍കി.
കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. കാപ്പ പ്രകാരം നാടുകടത്തപ്പെട്ടവര്‍ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡിജിപി നിര്‍ദേശിച്ചു. നഗരങ്ങളിലും മറ്റും ഡിവൈഎസ്‍പിമാരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ശക്തമാക്കും. ജില്ലാതലത്തിൽ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ടീം രൂപീകരിക്കും. സബ് ഡിവിഷനുകളില്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും സ്ട്രൈക്കിങ് ടീം. രാത്രി കാലങ്ങളിൽ സ്ട്രൈക്കിങ് ഏത് സാഹചര്യം നേരിടാനും സജ്ജരായിരിക്കണമെന്നും നിർദ്ദേശമുണ്ട്. പൊലീസിന്റെ ഈ പ്രവർത്തനങ്ങൾ പ്രതിദിനം ജില്ലാ പൊലീസ് മേധാവിമാര്‍ വിലയിരുത്തും.

