Site iconSite icon Janayugom Online

നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി, മുന്നറിയിപ്പുമായി പൊലീസ്

പ്രധാന നിരത്തുകളിൽ നിയമലംഘനം കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് തുടങ്ങിയതോടെ വാഹനങ്ങളുടെ അനുവദനീയമായ പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാൻ അത്യാധുനിക കാമറകളും വേഗപരിധി ബോർഡുകളും സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായാണ് പൊലീസിന്റെ മുന്നറിയിപ്പ്. പ്രധാന ജങ്ഷനുകളിലും ഹൈവേകളിലുമായി എഴുനൂറിൽപരം കാമറകളാണ് പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത്.

നഗരങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. നഗരസഭ, മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളിൽ കാറുകൾക്ക് 85 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. സംസ്ഥാന പാതയിൽ ഇത് 80 കി.മി ആയും നാലുവരി പാതകളിൽ 90 കി.മി ആയും നിജപ്പെടുത്തിയിട്ടുണ്ട്. മറ്റ് പാതകളിൽ കാറുകളുടെ വേഗം 70 കി.മിയാണ്. ഇരു ചക്രവാഹനങ്ങൾക്ക് നഗരസഭ, മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ കാറുകൾക്ക് സമാനമായ വേഗപരിധിയാണെങ്കിലും ദേശീയ പാതയിൽ 60 കിലോ മീറ്റർ വേഗതയിലേ സഞ്ചരിക്കാൻ സാധിക്കൂ. സംസ്ഥാന പാതകളിൽ ഇത് 50 കി. മി ആയും നാലുവരി പാതകളിൽ 70 കി.മി ആയും മറ്റ് പാതകളിൽ 50 കി.മി ആയും നിജപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോറിക്ഷയ്ക്ക് നഗരസഭ, മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ 30 കി. മി വേഗതയിലും ദേശീയ‑സംസ്ഥാന പാതകളിലും നാലുവരി പാതകളിലും പരമാവധി 50 കി.മി വേഗതയിലും സഞ്ചരിക്കാം. മറ്റ് പാതകളിൽ ഇത് 40 കി.മി ആണ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും മീഡിയം, ഹെവി പാസഞ്ചർ വാഹനങ്ങൾക്കും മീഡിയം,ഹെവി ഗുഡ്സ് വാഹനങ്ങൾക്കും ദേശീയ പാതകളിൽ പരമാവധി 65 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള നിരത്തുകളിൽ 30 കിലോ മീറ്ററിന് താഴെ മാത്രം വേഗത പാലിക്കണമെന്ന് പൊലീസ് അറിയിക്കുന്നു.

Eng­lish Sum­ma­ry: Police with speed lim­it and warn­ing of vehi­cles on the streets

You may like this video also

Exit mobile version