Site iconSite icon Janayugom Online

പോളിയോ വാക്സിന്‍ കുത്തിവയ്പായി നല്‍കണം: ആരോഗ്യ വിദഗ്ധര്‍

ലോകമെമ്പാടും തുള്ളിമരുന്ന് പോളിയോ വാക്സിന്റെ (ഒപിവി) ഉപയോഗം നിര്‍ത്തലാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസിന് ഇന്ത്യൻ പീഡിയാട്രിക് വൈറോളജിസ്റ്റ് ടി ജേക്കബ് ജോണ്‍ കത്തയച്ചു. തുള്ളിമരുന്ന് വാക്സിന്‍ ഉപയോഗം പാടെ ഉപേക്ഷിച്ച് കുത്തിവയ്പിലേക്ക് (ഐപിവി) മാറാൻ സംഘടന പുതിയ നയം പ്രഖ്യാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. 

1988 ലാണ് പോളിയോ നിർമ്മാർജനം ചെയ്യാന്‍ തുള്ളിമരുന്ന് വാക്സിന്‍ ഡബ്ല്യുഎച്ച്ഒ അവതരിപ്പിച്ചത്. എന്നാല്‍ തുള്ളിമരുന്ന് എടുത്ത കുട്ടികളില്‍ ചിലര്‍ക്ക് വാക്സിനില്‍ നിന്നും രോഗമുണ്ടാകുന്ന അപൂര്‍വ അവസ്ഥകള്‍ (വിഎപിപി, വിഡിപിവി) കണ്ടെത്തിയിരുന്നു. മേഘാലയയിലെ വെസ്റ്റ് ഗാരോ ജില്ലയിൽ രണ്ട് വയസുള്ള ആൺകുട്ടിയ്ക്ക് കഴിഞ്ഞദിവസം വിഡിപിവി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

ഇതോടെയാണ് തുള്ളിമരുന്ന് ഉപയോഗം നിര്‍ത്തലാക്കി പൂര്‍ണമായും പോളിയോ വാക്സിന്‍ കുത്തിവയ്പായി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. സമ്പന്ന രാജ്യങ്ങള്‍ക്ക് സുരക്ഷിതമായ കുത്തിവയ്പ് വാക്സിന്‍, ദരിദ്രരാജ്യങ്ങള്‍ക്ക് തുള്ളിമരുന്ന് വാക്സിന്‍ എന്ന രീതിയിലുള്ള ഇരട്ടത്താപ്പ് മാതൃകയാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചിരിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version