പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം വി എസ് സുനില്‍കുമാര്‍. ഒന്നാംപ്രതിയാകേണ്ടത് അന്നത്തെ ജില്ലാ കളക്ടര്‍ ആയിരുന്നെന്നും മന്ത്രിമാരോ എംഎല്‍എമാരോ അങ്ങോട്ട് വരേണ്ടതില്ലെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്. പൂരം കലക്കലിന് പിന്നില്‍ ആര്‍എസ്എസുകാരും ബിജെപിക്കാരുമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു. അന്ന് പുലർച്ചെ മൂന്നരയ്ക്ക് ശേഷം താനും മന്ത്രി രാജനും ഇടപെട്ട്, തിരുവമ്പാടി ദേവസ്വവുമായി സഹകരിച്ചാണ് വെടിക്കെട്ട് നടന്നത്. ആ യോഗത്തിൽ എന്തുകൊണ്ട് കളക്ടർ പങ്കെടുത്തില്ല. അതിന്റെ അർത്ഥം പൂരം അലങ്കോലപ്പെടണമെങ്കിൽ അലങ്കോലപ്പെടട്ടെ എന്ന് കളക്ടറുടെ തീരുമാനമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം മാറിയപ്പോൾ അത് വ്യക്തമായി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. തിരുവമ്പാടി ദേവസ്വത്തെ ഇതുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. ദേവസ്വം പൂരം അലങ്കോലപ്പെടുത്താന്‍ കൂട്ടുനില്‍ക്കുമെന്ന് വിശ്വസിക്കാനാകില്ല. എങ്കിലും, ആ ദേവസ്വത്തിനകത്തെ വ്യക്തികളില്‍ ആര്‍ക്കെല്ലാമാണ് ഇതില്‍ പങ്കുള്ളതെന്ന കാര്യം വ്യക്തമായി അറിയേണ്ടതുമുണ്ട്. പൂരം കലക്കലിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയാണ് വ്യക്തമാകേണ്ടത്. പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ ലാഭം കൊയ്യാന്‍ ഇറങ്ങിത്തിരിച്ച പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകള്‍ക്കുമാണ് അതിന്റെ ഉത്തരവാദിത്തം. അവര്‍ക്ക് സഹായകമായ ചില കാര്യങ്ങള്‍ ദേവസ്വത്തിനകത്തെ ചിലര്‍ സ്വീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പൂരം കലക്കലിൽ യഥാർത്ഥ പ്രതികൾ ആരാണെന്ന് കണ്ടെത്തണമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.
തൃശൂർ പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി എസ് സുനിൽകുമാർ

