Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ അഴിമതി

politicspolitics

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ 7,600 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ വിർച്വലായി ഉദ്ഘാടനം ചെയ്യുകയുണ്ടായി. കഴിഞ്ഞ ചെറിയൊരു കാലയളവിനുള്ളിൽ സംസ്ഥാനത്ത് കേന്ദ്രം വികസനരംഗത്ത് 30,000 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഈ നിക്ഷേപങ്ങളെല്ലാം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളതാണെന്നും അർത്ഥശങ്കയ്ക്ക് ഇടംനൽകാതെ അദ്ദേഹം പറഞ്ഞുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നും പ്രഖ്യാപനങ്ങളിൽ നിന്നും വികസന നിക്ഷേപങ്ങളുടെ പേരിൽ തന്റെ സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നത് വോട്ടുബാങ്ക് പ്രീണനവും പരസ്യമായ രാഷ്ട്രീയ അഴിമതിയുമാണെന്നുവേണം മനസിലാക്കാൻ. ആർഎസ്എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പൂരിലെ വിമാനത്താവളത്തിന്റെ നവീകരണത്തിനാണ് 7,000 കോടി രൂപ വകയിരുത്തിട്ടുള്ളത്. സായിബാബ ഭക്തരുടെ തീർത്ഥാടനകേന്ദ്രമായ ഷിർദി വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമ്മാണത്തിനാണ് 645 കോടി രൂപ. ഇവയ്ക്കു പുറമെ മുംബൈ, നാസിക്, അമരാവതി, ഗാഡ്‍ച്ചിറോളി തുടങ്ങി പത്തിടങ്ങളിൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിന്റെ പ്രഖ്യാപനവും മോഡി നടത്തി. ഈ വികസനപ്രവർത്തനങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്നതിൽ തർക്കമില്ല. എന്നാൽ അവ രാഷ്ട്രീയ അധികാരം നിലനിർത്താൻ ലക്ഷ്യംവച്ചുള്ളവയും സന്തുലിത വികസനമെന്ന രാജ്യത്തിന്റെയും ജനങ്ങളുടെയും ആശയാഭിലാഷങ്ങൾക്ക് വിരുദ്ധവുമാകുമ്പോഴാണ് രാഷ്ട്രീയ അഴിമതിയും വോട്ട്ബാങ്ക് പ്രീണനവുമായി മാറുന്നത്. തന്റെ പ്രസംഗത്തിലുടനീളം മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ ഇകഴ്ത്തിക്കാട്ടാനും രാഷ്ട്രീയ അഴിമതിയിലൂടെയും കാലുമാറ്റത്തിലൂടെയും തന്റെ നേതൃത്വത്തിൽ സംസ്ഥാന ഭരണത്തിൽ അവരോധിതമായ മഹായുതി സഖ്യത്തെ പ്രകീർത്തിക്കാനും മോഡി മടിച്ചില്ല. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തുന്ന പ്രസംഗത്തെ രാഷ്ട്രീയവും മതപരവുമായ വിദ്വേഷ പ്രചരണത്തിന്റെ വേദിയാക്കി മാറ്റുന്നത് താനിരിക്കുന്ന പദവിയുടെ മഹത്വംപോലും വിസ്മരിക്കുന്നവർക്കേ കഴിയു. 

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയിലെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംഘടിപ്പിക്കപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലും തന്റെ പാർട്ടി നേരിടുന്ന വെല്ലുവിളികളെപ്പറ്റി മോഡിക്ക് ഉത്തമബോധ്യം ഉണ്ടാവണം. പരമോന്നത കോടതിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ജമ്മു കശ്മീരിൽ ഇപ്പോഴും തെരഞ്ഞെടുപ്പ് നടത്താൻ മോഡിയും കൂട്ടരും മുതിരുമായിരുന്നില്ല. അവിടെയും വൻ പദ്ധതി പ്രഖ്യാപനങ്ങളുടെ അകമ്പടിയോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തങ്ങളുടെ നിലപാടുകൾ തെറ്റായിരുന്നുവെന്ന് തെളിയിച്ച തെരഞ്ഞെടുപ്പുഫലം ആ സംസ്ഥാനത്ത് ജനാധിപത്യ പുനഃസ്ഥാപനത്തിലേക്കുള്ള നിർണായക കാൽവയ്പായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹരിയാനയിൽ കോൺഗ്രസിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് ബിജെപിക്ക് കേവലം 0.85 ശതമാനത്തിന്റെ ഭൂരിപക്ഷം വെള്ളിത്താലത്തിൽ സമ്മാനിച്ചത്. മഹാരാഷ്ട്രയിൽ മഹായുതി സഖ്യം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ അഴിമതി, കാലുമാറ്റ രാഷ്ട്രീയം, രാജ്യത്ത് ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന കർഷകരുടെ ദുഃസ്ഥിതി തുടങ്ങിയവയെല്ലാം മഹായുതിക്ക് എതിരാണ്. അവിടെ വിവേകപൂർവം പ്രതിരോധമുയർത്താൻ മഹാവികാസ് അഘാഡിക്ക് കഴിഞ്ഞാൽ തങ്ങളുടെ നില പരുങ്ങലിലാവുമെന്ന തിരിച്ചറിവാണ് മോഡിയുടെ തട്ടുതകർപ്പൻ പ്രഖ്യാപനത്തിന് പിന്നിൽ. മഹാവികാസ് അഘാഡിക്ക് കീഴിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളടക്കം സാധ്യമായ എല്ലാ പാർട്ടികളെയും യോജിച്ച് അണിനിരത്തണമെന്നതാണ് ശരദ് പവാർ അവലംബിക്കുന്ന നിലപാട്. ബിജെപിയുടെ സമ്പത്തിനെയും പേശീബലത്തെയും നേരിടാൻ അത്തരമൊരു കൂട്ടുകെട്ടിനേ കഴിയൂവെന്ന് ഹരിയാനയും മധ്യപ്രദേശും രാജസ്ഥാനും കോൺഗ്രസിനെ ബോധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സാമ്പത്തിക നീതിയും ഉറപ്പുവരുത്താൻ അത്തരമൊരു മാറ്റം അനിവാര്യമാണ്. 

തങ്ങൾക്ക് ഏതുവിധേനയും വിജയിക്കാമെന്ന് പ്രതീക്ഷയുള്ളിടത്ത് വികസനത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പേരിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിക്കുകയെന്നത് മോഡിയുടെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് തന്ത്രമാണ്. അത്തരം പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കൾ മോഡി ഭരണകൂടത്തിന്റെ ചങ്ങാതിമാരായ മൂലധനശക്തികൾ ആയിരിക്കും. അത്തരക്കാരാണ് അവരുടെ തെരഞ്ഞെടുപ്പ് യന്ത്രത്തിന്റെ ചക്രം തിരിക്കുന്നത്. മഹാരാഷ്ട്രയടക്കം ഇന്ത്യൻ ഗ്രാമങ്ങളിൽ ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരോ കൊടിയ ചൂഷണങ്ങൾക്ക് ഇരകളാവുന്ന കുടിയേറ്റ തൊഴിലാളികളോ തൊഴിൽരഹിതരായ ദശലക്ഷക്കണക്കായ ചെറുപ്പക്കാരോ അത്തരക്കാരെ ഉത്ക്കണ്ഠപ്പെടുത്തുന്നില്ല. പ്രകൃതിദുരന്തത്തിന് ഇരകളായ കേരളമടക്കം സംസ്ഥാനങ്ങളുടെ സഹായാഭ്യർത്ഥനകൾ നിഷ്കരുണം തള്ളിക്കളയാൻ മടിക്കാത്ത ഭരണകൂടം തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോൾ വികസന നായകരായി അവതരിക്കുന്ന രാഷ്ട്രീയകാപട്യം തുറന്നുകാട്ടപ്പെടണം. അത്തരം വികസനത്തിന്റെയും കൊള്ളയുടെയും രാഷ്ട്രീയ അഴിമതിയുടെയും ചക്രവ്യൂഹത്തിൽനിന്നും രാജ്യം വിമോചിതമാകണം. 

Exit mobile version