കാമറൂണിലെ ഡൂലയിൽ സുരക്ഷാ സേനയും പ്രസിഡന്റ് പോൾ ബിയയുടെ പ്രതിപക്ഷ കക്ഷി അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 പേർ വെടിയേറ്റ് മരിച്ചു. പ്രസിഡന്റ് പോൾ ബിയയുടെ ഭരണത്തിന് ശക്തമായ വെല്ലുവിളിയുയർത്തിയ തിരഞ്ഞെടുപ്പിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് സംഭവം. പ്രസിഡന്റിനെതിരെ വിജയം അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് ഇസ്സ ചിറോമ, താൻ 54.8 ശതമാനം വോട്ട് നേടി വിജയിച്ചതായുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ചിറോമയുടെ അനുകൂലികൾ പ്രതിഷേധങ്ങൾക്കായുള്ള വിലക്ക് ലംഘിച്ച് തെരുവിലിറങ്ങുകയായിരുന്നു.
ഡൂലയിലെ രണ്ട് ജില്ലകളിലായി പ്രതിഷേധക്കാർ ഒരു ജെൻഡർമേരി ബ്രിഗേഡും പൊലീസ് സ്റ്റേഷനുകളും ആക്രമിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതെന്ന് റീജിയണൽ ഗവർണർ അറിയിച്ചു. സംഘർഷത്തിൽ സുരക്ഷാ സേനയിലെ നിരവധി അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ചിറോമയുടെ വടക്കൻ ശക്തികേന്ദ്രമായ ഗരോവയിലും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധങ്ങൾക്ക് പിന്നാലെ സൈനിക ഉദ്യോഗസ്ഥർ തന്നെ കൊണ്ടുപോകാൻ ശ്രമിച്ചതായി ചിറോമ ഞായറാഴ്ച ഒരു വീഡിയോയിലൂടെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം കൂടി വരുന്നതോടെ രാജ്യം അതീവ സംഘർഷാവസ്ഥയിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

