അടുത്ത മാസം നടക്കാനിരുന്ന ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും വനിതാ ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരകൾ മാറ്റിവച്ചതായി ബിസിസിഐ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിലെ നിലവിലെ പ്രതിസന്ധിയാണ് ഈ നീക്കത്തിന് പിന്നിലെ കാരണം. മാറ്റിവച്ച പരമ്പരകളിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഉൾപ്പെട്ടിരുന്നത്. കൊൽക്കത്തയും കട്ടക്കുമായിരുന്നു മത്സരങ്ങൾക്ക് വേദിയാകേണ്ടിയിരുന്നത്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടുകളാണ് പരമ്പര റദ്ദാക്കാൻ കാരണമെന്നാണ് വിലയിരുത്തല്‍. ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചതിനെത്തുടർന്ന് നിലവിൽ ഹസീന ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ഹസീനയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹസീനയെ കൈമാറാൻ വിസമ്മതിക്കുന്നതായി കേന്ദ്ര സർക്കാർ സൂചന നൽകി. ഈ രാഷ്ട്രീയ സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തെ ബാധിക്കുന്ന ബിസിസിഐയുടെ ഈ നിർണായക പ്രഖ്യാപനം വന്നത്.

