Site iconSite icon Janayugom Online

ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണു രാജിവെച്ചു

ഫ്രാൻസിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണു രാജിവെച്ചു. പ്രധാനമന്ത്രി കസേരയിൽ നാലാഴ്ച തികയും മുമ്പാണ് ലൊക്കോർണുവിന്റെ രാജി. സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സമരം തുടരുന്നതിനിടെയുള്ള ഈ രാജി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മാക്രോണിന്റെ ഭരണകാലത്ത് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാർ വന്നുവെങ്കിലും ആർക്കും അധികകാലം തുടരാനായില്ല. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതിരുന്ന 2024‑ലെ തിരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസ് രാഷ്ട്രീയമായി കൂടുതൽ അസ്ഥിരമാവുന്നതിന്റെ വ്യക്തമായ സൂചനയാണ് ലെക്കോർണുവിന്റെ രാജി. 

ലെക്കോർണുവിന്റെ രാജിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. “നമ്മൾ വഴിയുടെ അവസാനത്തിലാണ്, ഒരു പരിഹാരവുമില്ല,” എന്ന് ഫ്രഞ്ച് തീവ്ര വലതുപക്ഷത്തിന്റെ നേതാവായ മറൈൻ ലെ പെൻ പ്രതികരിച്ചു. മറ്റൊരു മാക്രോണിസ്റ്റ് പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, “ഈ തമാശയുടെ അവസാനത്തിലാണ് നമ്മൾ,” എന്നായിരുന്നു അവരുടെ മറുപടി. മാക്രോണിസം രാജ്യത്തെ ഒരിക്കൽ കൂടി അരാജകത്വത്തിലേക്ക് തള്ളിവിടുന്നുവെന്ന് സോഷ്യലിസ്റ്റ് പാർട്ടിയുടെ വക്താവ് ആർതർ ഡെലാപോർട്ട് പ്രതികരിച്ചു.

Exit mobile version