സമീപകാല രാഷ്ട്രീയ ചർച്ചകളിൽ കളം നിറയുകയാണ് പൊളിറ്റിക്കൽ ഇസ്ലാം. കേരളത്തിൽ പല ഘട്ടങ്ങളിലും ന്യൂനപക്ഷ, ഭൂരിപക്ഷ തീവ്രവാദവും പൊളിറ്റിക്കൽ ഇസ്ലാമും, ചർച്ചകൾക്ക് വിധേയമാകാറുണ്ടെങ്കിലും ഇത്ര തീവ്രമായി ഉയർന്നുവരാറില്ല. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചും പാകിസ്ഥാനുവേണ്ടി മലപ്പുറത്ത് ആവശ്യമുയർന്നതിനെക്കുറിച്ചും വ്യായാമത്തിലെ രാഷ്ട്രീയത്തെക്കുറിച്ചും പുറത്തുവന്ന സമീപ കാലത്തെ പ്രസ്താവനകൾ ഒരിക്കൽ കൂടി പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചുള്ള ചർച്ചകൾക്ക് കാരണമാവുകയാണ്. എന്താണ് പൊളിറ്റിക്കൽ ഇസ്ലാം? ‘മുസ്ലിം രാഷ്ട്രീയവും’ രാഷ്ട്രീയ ഇസ്ലാമും തമ്മിലെന്താണ് അന്തരം? എന്നീ കാര്യങ്ങൾ, ഭൂരിപക്ഷ തീവ്രവാദത്തിന്റെയും പൊളിറ്റിക്കൽ ഹിന്ദൂയിസത്തിന്റെയും വക്താക്കൾ അധികാരത്തിലിരിക്കുന്ന കാലത്ത് ഏറെ സൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്. പൊളിറ്റിക്കൽ ഇസ്ലാമിനെ സാമാന്യവൽക്കരിച്ചും അതിന് അമിത പ്രാധാന്യം നൽകിയും തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ നിർണയിക്കുന്ന സുപ്രധാന സ്ഥാനം നൽകിയും സംഘ്പരിവാർ കാലത്ത് രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തുന്ന പ്രസ്താവനകൾ തികച്ചും അപകടകരമാണ്.
അഖണ്ഡഭാരതത്തെ അപകടകരമാക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഇസ്ലാമിനെയും ന്യൂനപക്ഷം ഉയർത്തുന്ന രാഷ്ട്രീയത്തെയും പരസ്പരം വേർതിരിക്കുവാനും വ്യക്തമായി അവതരിപ്പിക്കുവാനും സാധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ തെറ്റിദ്ധാരണകളുടെ രാഷ്ട്രീയവും അതുയർത്തുന്ന വെല്ലുവിളികളും നമ്മുടെ ഭാവിയെ പാതാളത്തിലേക്ക് നയിക്കും. രണ്ടിനോടും എടുക്കേണ്ട സമീപനത്തിൽ സത്യസന്ധതയും കൃത്യതയും ഉണ്ടാവണം. അല്ലെങ്കിൽ സമൂഹത്തിൽ വലിയ തരത്തിലുള്ള ഭിന്നിപ്പുകൾക്ക് ഇടവരുത്തും. സംഘ്പരിവാർ കാലത്ത്, സ്ഥാനത്തും അസ്ഥാനത്തും പൊളിറ്റിക്കൽ ഇസ്ലാമിനെ കൊണ്ടുപോയി അവരോധിച്ചാൽ മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങൾ ഉദ്ദേശിക്കുന്നതല്ല ഈ തീവ്ര സംഘടനകൾ കൊയ്തെടുക്കുക. പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താക്കൾ മനസുകൊണ്ട് ആഗ്രഹിക്കുന്നിടത്തേക്ക് പൊതുബോധത്തെ എത്തിക്കുകയാണ് ചെയ്യുക.
പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താക്കളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കേണ്ടതാണ് എന്നതിൽ തർക്കമില്ല. തുർക്കി ഖിലാഫത്തിന്റെ പതനത്തെ തുടർന്ന് ഈജിപ്തിലാരംഭിച്ച മുസ്ലിം ബ്രദർ ഹുഡിന്റെയും ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ആരംഭിച്ച ജമാഅത്തെ ഇസ്ലാമിയുടെയും ആവിർഭാവത്തോടെ 1940കളോടെയാണ് ‘പൊളിറ്റിക്കൽ ഇസ്ലാം’ എന്ന വാക്ക് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. മുസ്ലിം വൈകാരികതയെ ഭിന്നിപ്പിനായി ഉപയോഗിക്കാനും രാഷ്ട്രീയനേട്ടം കൊയ്യാനുമുള്ള തന്ത്രത്തിന്റെ പേരാണ് ‘പൊളിറ്റിക്കൽ ഇസ്ലാം’. ഇതിന് ലോകത്തെല്ലായിടത്തും ഒരേഉദ്ദേശം മാത്രമാണുള്ളത്. അപകടകരമായ ന്യൂനപക്ഷ തീവ്രവാദത്തെ പുരോഗമനമെന്നും സർഗാത്മകമെന്നും കരുതുന്ന തരത്തിൽ ആശയ സംവാദങ്ങളിലൂടെ മുസ്ലിം വിഷയങ്ങളായി ഉയർത്തിക്കൊണ്ടുവന്ന് സമൂഹത്തിന്റെ താഴേത്തട്ടിൽ ഉൾപ്പെടെ ഭിന്നത വിപുലപ്പെടുത്തുകയും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ കളം മൊരുക്കുകയുമാണ് പൊളിറ്റിക്കൽ ഇസ്ലാം വക്താക്കളുടെ രീതി. ഇന്ത്യയിലും കേരളത്തിലും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ചെയ്യുന്നതും അതാണ്.
ആദ്യകാലത്ത് ‘ഹുകൂമത്തെ ഇലാഹി’ എന്നും പിന്നീട് ‘ഇകാമത്തുദ്ദീൻ’ എന്ന് രൂപമാറ്റം വരുത്തിയും ഇസ്ലാം രാഷ്ട്ര സ്ഥാപനം പ്രഖ്യാപിത ലക്ഷ്യമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ് ഇന്ത്യയിലെയും കേരളത്തിലെയും അറിയപ്പെടുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുഖം. ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവയോടൊന്നും അടിസ്ഥാനപരമായി ആഭിമുഖ്യം പുലർത്താത്ത ജമാഅത്തെ ഇസ്ലാമിയെ, കേരളത്തിലെ മുസ്ലിം പൊതുവേദികളിൽ അംഗീകാരം നൽകി സ്വീകരിച്ചിരുത്തിയതിൽ സാമുദായിക പാർട്ടി എന്ന് കരുതുന്ന മുസ്ലിം ലീഗിനുൾപ്പെടെ മോശമല്ലാത്ത പങ്കുണ്ട്. ഏറ്റവുമൊടുവിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗിന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടത്തിയ പരാമർശവും ഇതിന് ഉദാഹരണമാണ്. ഇസ്ലാമിന്റെ ആത്മീയവും വ്യക്തി ജീവിത സംബന്ധിയുമായ കാര്യങ്ങളേക്കാൾ രാഷ്ട്രീയ ആശയങ്ങളെ പ്രായോഗികമായി നടപ്പിലാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത്. സംഘ്പരിവാർ കാലത്ത് പോലും ഭൂരിപക്ഷ തീവ്രവാദത്തെ ഇടതുപക്ഷം ഉൾപ്പെടെ മതേതര ശക്തിയോടൊപ്പം നിന്ന് എതിർത്ത് പരാജയപ്പെടുത്തുക എന്ന ആശയത്തെപോലും ഇത്തരം സംഘടനകൾ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യാറ്. മതത്തിന് മേലെയുള്ള കടന്നുകയറ്റത്തെ, സ്വസമുദായം ഒറ്റയ്ക്കുതന്നെയാണ് നേരിടേണ്ടത് എന്ന അപകടകരമായ ആശയത്തെ പ്രചരിപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഒരു മതേതര പ്ലാറ്റ്ഫോമിനകത്തുനിന്ന് ഇത്തരം കാര്യങ്ങളെ കാണാൻ ഇവർ തയ്യാറാവാറില്ല. പൗരത്വഭേദഗതി നിയമത്തെ എതിർത്തത് ഇന്ത്യയിലെ കോടാനുകോടി മതേതര വിശ്വാസികളാണ്. ആ പ്രക്ഷോഭങ്ങൾക്കിടയിലേക്ക് പോലും തങ്ങളുടെ സ്വത്വം സംരക്ഷിച്ചു കൊണ്ട് കടന്നുചെല്ലണമെന്ന് ആഗ്രഹിച്ചവരായിരുന്നു ജമാഅത്തെ ഇസ്ലാമി. സംഘ്പരിവാറിനെ നേരിടുന്ന മഹാഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ അകറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഒറ്റയ്ക്ക് നിന്ന് ഉച്ചത്തിൽ മുഴക്കി ഓളമുണ്ടാക്കിയാൽ കാര്യം നേടാമെന്നാണ് ഇവർ തെറ്റിദ്ധരിപ്പിക്കുന്നത്.
ഇത്തരം വിഭജന തന്ത്രങ്ങള്‍ കൊണ്ടുനടക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താക്കളോട് സന്ധിയില്ലാതെ കലഹിക്കേണ്ടതുണ്ട്. എന്നാൽ പൊളിറ്റിക്കൽ ഇസ്ലാമിനെക്കുറിച്ച് അശ്രദ്ധമായും, സാമാന്യവൽക്കരിച്ചുമുള്ള പ്രസ്താവനകൾ സംഘ്പരിവാർ കാലത്ത് അവർക്ക് ന്യൂനപക്ഷ പീഡനത്തിന്റെ പുതിയ ആയുധങ്ങളാകുമോയെന്ന് സൂക്ഷ്മമായി പഠിക്കേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിലെ മഹാ ഭൂരിപക്ഷവും മതേതരവാദികളാണ്. ഭൂരിപക്ഷ തീവ്രവാദത്തിന്റെ വക്താക്കളോട് നിങ്ങളല്ല യഥാർത്ഥ ഹിന്ദുവെന്നും ന്യൂനപക്ഷ തീവ്രവാദ വക്താക്കളോട് നിങ്ങളല്ല ന്യൂനപക്ഷത്തിന്റെ സംരക്ഷകരെന്നും വ്യക്തമായി പറയാനാവേണ്ടതുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം ആവിർഭാവം ചെയ്യുന്നതിന് മുമ്പ് ദേശീയതയോട് ചേർന്നുനിന്ന്, പിറന്ന നാടിന്റെ മോചനത്തിനുവേണ്ടി സമര കാഹളം മുഴക്കിയ മഹാ മുസ്ലിം പണ്ഡിതന്മാരുടെ നാടാണ് കേരളം. സയ്യിദ് സൈനുദ്ദീൻ മഖ്ദൂമുമാരും, മമ്പുറം തങ്ങളും, മക്തി തങ്ങളും, ഉമർ ഖാസിയും, ചാലിലകത്തും ഉൾപ്പെടെ ഇസ്ലാമിന്റെ യഥാർത്ഥ രാഷ്ട്രീയം മതേതരവും സ്വദേശ സ്നേഹവും സാമ്രാജ്യത്വ വിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ പട്ടിക നീണ്ടതാണ്. കേരളത്തിലെ ഈ പാരമ്പര്യത്തിൽ ഊന്നിയാണ് കേരളീയ മുസ്ലിങ്ങൾ ശക്തമായ മതേതരവാദികളായി നിലനിൽക്കുന്നത്. തങ്ങളുടെ ഒരു വിഭജന തന്ത്രങ്ങളും കേരളത്തിൽ ചെലവാകില്ല എന്ന ഉത്തമ ബോധ്യത്തിൽ നിന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീറിന് ഏറ്റവും ഒടുവിൽ മൗദൂതിയുടെ ആശയങ്ങളും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ബന്ധമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്.
രാജ്യത്തെ ഭൂരിപക്ഷ ഫാസിസ്റ്റ് ശക്തി ആഗ്രഹിക്കുന്നത് രാജ്യം ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരിൽ വേർതിരിഞ്ഞ് ആ അച്ചുതണ്ടിൽ കറങ്ങണമെന്നാണ്. തീവ്രവാദത്തിന്റെ വക്താക്കളെ എതിർത്ത് തോല്പിക്കുന്ന മതേതര ചേരി ഉയർന്നുവരാതിരിക്കുക എന്നത് പൊളിറ്റിക്കൽ ഇസ്ലാമിന്റെയും, പൊളിറ്റിക്കൽ ഹിന്ദൂയിസത്തിന്റെയും ആവശ്യമാണ്. ഭൂരിപക്ഷ — ന്യൂനപക്ഷ അച്ചുതണ്ടിൽ രാഷ്ട്രീയം കറങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആയുധം നൽകുന്നത് ഗുണകരമല്ല. അതുകൊണ്ടാണ് പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുമ്പോഴും മുസ്ലിം രാഷ്ട്രീയം ഉയർത്തുന്ന ന്യായമായ ചോദ്യങ്ങളെ ഇടതുപക്ഷം ഉൾപ്പെടെയുള്ള മതേതര ചേരി ശക്തമായി പിന്തുണയ്ക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭൂരിപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടം ന്യൂനപക്ഷ തീവ്രവാദത്തിലേക്ക് ചുരുക്കാൻ ശ്രമിക്കുന്നവർക്ക് അമിത പ്രാധാന്യം നൽകരുത്. അതല്ല യഥാർത്ഥ പ്രശ്നം. വൈകാരികതയ്ക്ക് ചൂട്ടുപിടിക്കുന്നവരുടെ വെളിച്ചത്തിൽ നടക്കരുത്. മതത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പൊലീസല്ല പൊളിറ്റിക്കൽ ഇസ്ലാം. ഇന്ത്യയിൽ ഏതെങ്കിലും ഒരു സമുദായം മാത്രമാണ് ആക്രമിക്കപ്പെടുന്നത് എന്ന് പ്രചരിപ്പിക്കുന്നതല്ല യാഥാർത്ഥ്യം. തീവ്രഹിന്ദുത്വത്തോട് മുഖംതിരിക്കുന്ന വിഭാഗങ്ങളെല്ലാം സംഘ്പരിവാറിന്റെ ഇരകളാണ്. അവരെ അഭിമുഖീകരിക്കാനും എല്ലാവർക്കും ബാധ്യതയുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്ക് പരിഹരിക്കാനിറങ്ങുന്നവർക്ക് അജണ്ട വേറെയുണ്ട്. അതേസമയം, പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്രീയം ഉയർത്തുന്ന ന്യായമായ ചോദ്യങ്ങളെ കാണാതെ പോവുകയും അരുത്.