പള്ളികളെ സംസ്ഥാന സർക്കാരിനെതിരായ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനും പള്ളികൾ കേന്ദ്രീകരിച്ച് വർഗീയ രാഷ്ട്രീയ നീക്കം നടത്താനുമുള്ള മുസ്‌ലിം ലീഗിന്റെ ശ്രമങ്ങൾക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിലാണ് പള്ളികളെ വർഗീയ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റാൻ ലീഗ് നീക്കം ആരംഭിച്ചിരിക്കുന്നത്. മൂന്നാം തിയതി വെള്ളിയാഴ്ച എല്ലാ മഹല്ലുകളിലും ജുമുഅ നിസ്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളിൽ ഇക്കാര്യവും ഉള്‍പ്പെടുത്താനാണ് ലീഗ് തീരുമാനം. ലീഗ് അനുകൂല നിലപാട് സ്വീകരിക്കുന്ന സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ, വർഗീയ സംഘടനയായ ജമാഅത്തെ ഇസ്‌ലാമി എന്നിവരുൾപ്പെടെയുള്ളവരുമായി കൈകോർത്താണ് ലീഗിന്റെ അപകടകരമായ നീക്കം. വിവിധ വിഷയങ്ങളിൽ തീർത്തും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മതത്തെ ഉപയോഗപ്പെടുത്തി പ്രതിരോധം തീർക്കാനുള്ള തന്ത്രവുമായി ലീഗ് വീണ്ടും എത്തുന്നത്.
ഹരിത, ചന്ദ്രിക വിഷയങ്ങളും നേതാക്കളുടെ സാമ്പത്തിക തട്ടിപ്പുകളുമെല്ലാം ലീഗിനെ തീർത്തും പ്രതിസന്ധിയിലാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചയുമായി ബന്ധപ്പെട്ട് പാർട്ടി നിയമിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നതും ലീഗിനെ പ്രയാസത്തിലാക്കുന്നുണ്ട്. വഖഫ് ബോർഡിനെ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും വഖഫ് ബോർഡ് കയ്യേറ്റവുമെല്ലാം പുറത്തുവരുമെന്നത് തന്നെയാണ് ലീഗ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്. ആജ്ഞാനുവർത്തികൾക്കും പണമുള്ളവർക്കും മാത്രമായിരുന്ന ജോലികൾ സാധാരണക്കാർക്ക് ലഭിക്കുമെന്നതാണ് നിയമനം പിഎസ്‌സിക്ക് വിടുന്നതിലൂടെ ഉണ്ടാകുന്ന മാറ്റം. ഇക്കാര്യത്തിൽ കാന്തപുരം എപി വിഭാഗം ഉൾപ്പെടെ സർക്കാർ നിലപാടാണ് ശരിയെന്ന് അംഗീകരിക്കുമ്പോഴാണ് ചില സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് ലീഗ് തങ്ങൾക്കൊപ്പം നിർത്തിയിരിക്കുന്നത്.
പൊതു ഇടത്തിലേക്ക് കയറിപ്പറ്റാനും ഇടത് വിരുദ്ധത പ്രചരിപ്പിക്കാനുമുള്ള ജമാഅത്തെ ഇസ്‌ലാമി പോലുള്ള വർഗീയ സംഘടനകൾക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ലീഗെന്നാണ് വിമർശനം. സമൂഹമാധ്യമങ്ങളിലൂടെ അപകടകരമായ പ്രചാരണങ്ങളും ലീഗ് അണികൾ നടത്തുന്നുണ്ട്. പള്ളിയിലെ പ്രചാരണ പ്രവർത്തനങ്ങൾക്കെതിരെ രംഗത്തുവരുന്ന കമ്മ്യൂണിസ്റ്റുകാരുടെയും എപി വിഭാഗം പ്രവർത്തകരുടെയും കാല് തല്ലിയൊടിക്കുമെന്നാണ് ഭീഷണികൾ പ്രചരിക്കുന്നത്. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് വർഗീയത പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ നീക്കത്തിന് തുല്യമാണ് ലീഗ് നടപടി. ശബരിമല വിഷയം വന്നപ്പോൾ സംഘപരിവാറിന്റെ വർഗീയ നീക്കങ്ങളെ കേരളത്തിലെ വിശ്വാസി സമൂഹം തന്നെയായിരുന്നു ചെറുത്തു തോൽപ്പിച്ചത്. പാലാ രൂപതാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമര്‍ശവും പൊതു സമൂഹം തള്ളിക്കളഞ്ഞിരുന്നു. ഈ അനുഭവം തന്നെയായിരിക്കും ലീഗിനും നേരിടേണ്ടിവരികയെന്ന് മുസ്‌ലിം സംഘടനാ നേതാക്കളും വിശ്വാസികളും വ്യക്തമാക്കുന്നു.
english summary;Political movement centered on churches
you may also like this video;