Site iconSite icon Janayugom Online

നിയന്ത്രണങ്ങള്‍ക്കിടെ രാഷ്ട്രീയ റാലി; കെെയൊഴിഞ്ഞ് കേന്ദ്രവും കമ്മിഷനും

ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാഷ്ട്രീയ റാലികൾ നടത്തുന്നതിന്റെ ഉത്തരവാദിത്തം കെെയൊഴിഞ്ഞ് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും. രാഷ്ട്രീയ റാലികളിലെ കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രം പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിന് ശേഷമാണ് ഞങ്ങളുടെ ഉത്തരവാദിത്തം ആരംഭിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര പറയുന്നു. 

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ മേൽ രാഷ്ട്രീയ റാലികളിലെ കോവിഡ് നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം പരസ്പരം ആരോപിച്ച് ബിജെപിക്ക് പ്രചരണം നടത്താൻ വഴിയൊരുക്കുകയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. രാഷ്ട്രീയ റാലികളിലെ കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ കമ്മിഷന്റെ ഉത്തരവാദിത്തമാണെന്ന് പറയുന്ന കേന്ദ്രം തന്നെ ദ്രുതഗതിയിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു. 

തെരഞ്ഞടുപ്പ് മാറ്റി വയ്ക്കാൻ സാധ്യതയില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട തീയതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുന്നുവെന്നുമാണ് കമ്മീഷന്റെ നിലപാട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതുവരെ, ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്, അവർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാർശകൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ കമ്മിഷൻ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ‘ആരോഗ്യ സെക്രട്ടറിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഞങ്ങൾ വിശദമായ മാർഗനിർദേശങ്ങൾ നൽകു‘മെന്ന് സുശിൽ ചന്ദ്ര മറുപടി പറഞ്ഞു. 

എന്നാൽ ‘ഞങ്ങൾ എല്ലാവരോടും ഉത്തരവാദിത്തങ്ങളെ കുറിച്ച് വിശദീകരിച്ചു. നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്’ എന്നാണ് റാലികളിലെ കോവിഡ് സുരക്ഷാ ലംഘനത്തെക്കുറിച്ച് കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി കെ പോൾ പറഞ്ഞത്. ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് രണ്ട് മാസത്തേക്ക് നീട്ടുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചിരുന്നു. 

ENGLISH SUMMARY:Political ral­ly amid restrictions
You may also like this video

Exit mobile version