Site iconSite icon Janayugom Online

മണിപ്പൂരില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു

മണിപ്പൂരില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ബിജെപി ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയില്ല. കേന്ദ്രനേതൃത്വം എംഎല്‍എമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. സമവായത്തിനായി നേതാക്കളും എംഎല്‍എമാരുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള സാംബിത് പത്ര ഇന്നലെയും ചര്‍ച്ചകള്‍ നടത്തി. എംഎല്‍എമാര്‍ക്കിടയില്‍ സമവായത്തില്‍ എത്താനായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കും. മന്ത്രിമാരായ വൈ ഖേംചന്ദ് സിങ്, ടി ബിശ്വജിത് സിങ് എന്നിവര്‍ക്കൊപ്പം സ്പീക്കര്‍ സത്യബ്രത സിങ്ങും പരിഗണനയിലുണ്ട്.
സഖ്യകക്ഷികളായ എന്‍പിപി, എന്‍പിഎഫ് എന്നിവരുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ട്. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ബിരേന്‍ സിങ് ഒഴികെ ഏതു നേതാവിനെയും അംഗീകരിക്കുമെന്ന് എന്‍പിപി അറിയിച്ചിരുന്നു. 

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് കുക്കി സംഘടനകളുടെ നിലപാട്. കുക്കി വിഭാഗത്തിലുള്ള പത്തോളം എംഎല്‍എമാരോട് ദില്ലിയിലെത്താന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കലാപം ആരംഭിച്ച് ഒന്നര വര്‍ഷത്തിനിടെ ഇതുവരെ ഇരുവിഭാഗങ്ങളിലെ എംഎല്‍എമാര്‍ ഒരു യോഗത്തിലും ഒരുമിച്ച് പങ്കെടുത്തിട്ടില്ല. രണ്ട് വർഷമായി നീണ്ടുനിൽക്കുന്ന സാമുദായിക കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിരേൻ സിങ്ങിന്റെ രാജി. ബിജെപി എംഎൽഎമാരടക്കം സിങ്ങിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഗത്യന്തരമില്ലാതെ പദവിയൊഴിയേണ്ടിവന്നത്.
ഇരുവിഭാഗത്തിനും സ്വീകാര്യതയുള്ള നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രതി ഭരണം ഏര്‍പ്പെടുത്തുക എന്നല്ലാതെ മറ്റൊരു മാര്‍ഗവും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നിലില്ല. സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗവർണർ രാഷ്ട്രപതിക്ക് കത്തു നൽകിയാല്‍ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും. സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരിക്കെ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കൂടുതല്‍ പരിക്കേല്‍പ്പിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന അഭിപ്രായമുണ്ടാകുമെന്നും ബിജെപി ഭയക്കുന്നുണ്ട്. 

Exit mobile version