Site iconSite icon Janayugom Online

പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം

pakistanpakistan

അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായതിനു പിന്നാലെ പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം. ദേശീയ അസംബ്ലിയില്‍ നിന്നും ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ) അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചു.

342 അംഗ അസംബ്ലിയില്‍ 155 അംഗങ്ങളാണ് പിടിഐയ്ക്കുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിഎംഎൽ-എൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചതോടെയാണ് രാജി തീരുമാനമെന്ന് മുതിര്‍ന്ന നേതാവ് ഫവാദ് ചൗധരി പറഞ്ഞു. ഷാ മഹ്മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ നേരിടേണ്ട അതേ ദിവസം തന്നെ ഷഹബാസ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് അനീതിയാണെന്ന് ഫവാദ് ചൗധരി പറഞ്ഞു. ഷഹബാസിനും മകന്‍ ഹംസയ്ക്കുമെതിരെ 1400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക കോടതി ഇന്ന് കേസ് പരിഗണിക്കുന്നുണ്ട്.

ഇമ്രാനെതിരായ അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവും ഫവാദ് ആവര്‍ത്തിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ ഇശാ നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങി പ്രതിഷേധിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം പുതിയ സ്വാതന്ത്ര്യസമരം തുടങ്ങാന്‍ സമയമായതായി, പുറത്തായതിനു ശേഷമുള്ള ആദ്യ ട്വീറ്റില്‍ ഇമ്രാന്‍ ഖാന്‍ കുറിച്ചു.

അവിശ്വാസ പ്രമേയത്തിലുടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയെന്ന ഖ്യാതിയോടെയാണ് ഇമ്രാന്‍ ഖാന്‍ പടിയിറങ്ങിയത്. 14 മണിക്കുറുകളോളം നീണ്ട നാടകീയ നീക്കങ്ങള്‍ക്കായിരുന്നു പാകിസ്ഥാന്‍ ദേശീയ അസംബ്ലി സാക്ഷ്യം വഹിച്ചത്. പ്രമേയാവതരണത്തിന് മുന്‍പ് സ്‍പീക്കറും ഡെപ്യൂട്ടി സ്‍പീക്കറും രാജിവച്ചു. സഭ നാല് തവണ നിര്‍ത്തിവച്ചു. അര്‍ധരാത്രി പ്രത്യേക സിറ്റിങ് നടത്തിയ പാകിസ്ഥാന്‍ സുപ്രീം കോടതി കടുത്ത നിലപാടെടുത്തതോടെയാണ് അവിശ്വാസ പ്രമേയം വോട്ടിനിട്ടത്. പ്രമേയത്തിന് 174 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു.

Eng­lish Sum­ma­ry: Polit­i­cal uncer­tain­ty in Pakistan

You may like this video also

Exit mobile version