പാകിസ്ഥാൻ സർക്കാരിനെ നീക്കം ചെയ്യുന്നതിനും പാകിസ്ഥാൻ മുസ്‌ലിം ലീഗ്എൻ പ്രസിഡന്റ് ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം രൂപീകരിക്കുന്നതിനുമെതിരെ ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ കാമ്പയിൻ ആരംഭിക്കാൻ തെഹ്‌രീ-കെ- ഇൻസാഫ് (പിടിഐ) തീരുമാനിച്ചു.
“ഞങ്ങൾ പെഷവാറിൽ നിന്ന് ബുധനാഴ്ച മുതൽ രാജ്യവ്യാപക പ്രചാരണം ആരംഭിക്കാൻ പോകുകയാണ്,” പിടിഐ നേതാവും പാകിസ്ഥാൻ മുൻ ഇൻഫർമേഷൻ മന്ത്രിയുമായ ഫവാദ് ചൗധരിയെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ഇമ്രാന്‍ ഖാന്‍ ബുധനാഴ്ച പെഷവാറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നും ചൗധരി അറിയിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതിനെതിരെ പിടിഐ അനുഭാവികൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിൽ പ്രതിഷേധ പ്രകടനം നടത്തി.
പാകിസ്ഥാനിൽ ഇസ്ലാമാബാദ്, കറാച്ചി, പെഷവാർ, ലാഹോർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ പ്രതിപക്ഷത്തിനെതിരെ പിടിഐ വൻ റാലികൾ നടത്തി. പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന് തിങ്കളാഴ്ച ഇമ്രാൻ ഖാൻ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞു. ഇമ്രാൻ ഖാനെ പുറത്താക്കിയ പ്രമേയത്തെ അനുകൂലിച്ച് 174 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. അതേസമയം, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാകിസ്ഥാൻ ദേശീയ അസംബ്ലി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വോട്ടെടുപ്പ് നടത്തും.
English Summary: Political uncertainty: PTI to stage nationwide protests on Wednesday
You may like this video also