Site icon Janayugom Online

രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷൻ

രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യ‍ണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന് കത്ത് നൽകി. രാഷ്ട്രീയത്തിലെ പണമിടപാടുകള്‍ സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നിയമ മന്ത്രി കിരൺ റിജിജുവിനെഴുതിയ കത്തിൽ പറയുന്നു. പേര് വെളിപ്പെടുത്താത്ത സംഭാവനകള്‍ 20,000 രൂപയില്‍ നിന്ന് 2000 ആയി കുറയ്ക്കണം, ഒരാളില്‍ നിന്ന് ലഭിക്കുന്ന മൊത്തം സംഭാവന 20 കോടിയോ അല്ലെങ്കില്‍ ആകെ സംഭാവനകളുടെ 20 ശതമാനമോ ആക്കി ചുരുക്കാനും നിര്‍ദ്ദേശമുണ്ട്.

നിലവില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ 20,000 രൂപയോ അതില്‍ കൂടുതലോ സ്വീകരിച്ചാല്‍ മാത്രം സംഭാവനകളുടെ വിശദാംശങ്ങളും സ്വീകരിച്ച സ്ഥാപനത്തിന്റെ വിവരങ്ങളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നിരീക്ഷകനോട് വെളിപ്പെടുത്തിയാല്‍ മതി. ഈ മാനദണ്ഡത്തിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഓരോ സ്ഥാനാര്‍ത്ഥിക്കും പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥി ആദ്യം എംഎല്‍എയായി മത്സരിക്കുകയും പിന്നീട് എംപിയായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍, ഓരോ തെരഞ്ഞെടുപ്പിനും രണ്ട് പ്രത്യേക അക്കൗണ്ടുകള്‍ തുറക്കണം. മത്സരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിനും സ്ഥാനാര്‍ത്ഥി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതുവഴി കമ്മിഷന് സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിധി നിരീക്ഷിക്കാനും അതില്‍ സുതാര്യത കൊണ്ടുവരാനും കഴിയുമെന്ന് കത്തില്‍‍ പറയുന്നു.

Eng­lish Sum­ma­ry: Poll body seeks lim­it on cash dona­tions to polit­i­cal parties
You may also like this video

Exit mobile version