തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. പോളിങ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണോയെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചോദ്യത്തിന് പിന്നാലെയാണ് താരത്തിൻ്റെ പരിഹാസം. പോളിങ് ബൂത്തിൽ സിസിടിവി സ്ഥാപിക്കുന്നതിന് മുൻപ് സ്ത്രീ വോട്ടർമാരുടെ സമ്മതം വാങ്ങിയിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പോളിങ് ബൂത്തിലെ സിസിടിവിയെക്കുറിച്ച് സംസാരിക്കുന്ന ഭാഗം എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് പ്രതികരിച്ചത്. “പോളിങ് ബൂത്തിൽ സിസിടിവികൾ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങൾ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറാനുള്ള ഡ്രസിങ് റൂമല്ല. നിങ്ങളുടെ ന്യായങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല. ഞങ്ങൾക്ക് സുതാര്യതയാണ് വേണ്ടത്,” പ്രകാശ് രാജ് കുറിച്ചു.
‘പോളിങ് ബൂത്ത് ഡ്രസിങ് റൂമല്ല’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്

