ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ വേഗത്തില്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഈ മാസം 17ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ അന്തിമ പോളിങ് കണക്കുകളും വോട്ടര്‍മാരുടെ എണ്ണവും പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസാണ് (എഡിആര്‍) ഹര്‍ജി സമര്‍പ്പിച്ചത്. ആദ്യഘട്ട തെരഞ്ഞടുപ്പ് കഴിഞ്ഞ് 11 ഉം രണ്ടാം ഘട്ടം കഴിഞ്ഞ് നാലും ദിവസം പിന്നിട്ടപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്തിമ കണക്കുകള്‍ പുറത്തുവിട്ടത്.
പോളിങ് ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പ്രാരംഭ വിവരങ്ങളും ഏപ്രില്‍ 30ന് പുറത്തുവിട്ട അന്തിമ പോളിങ് കണക്കുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. കണക്കുകള്‍ പുറത്തുവിടുന്നതിലുള്ള കാലതാമസവും ഇതിലെ പൊരുത്തക്കേടുകളും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയതായി എഡിആര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
English Summary: polling; Petition will be considered by Supreme Court
You may also like this video