Site iconSite icon Janayugom Online

ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു: നടക്കുന്നത് കോടിപതികളുടെ പോരാട്ടം

votingvoting

ഹിമാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒരു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 37.19 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. 68 സീറ്റുകളിലേക്ക് 42 വനിതകള്‍ ഉള്‍പ്പെടെ 412 സ്ഥാനാര്‍ത്ഥികളാണ് ഹിമാചലില്‍ മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 67 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. അടുത്തമാസം എട്ടിനാണ് ഫലപ്രഖ്യാപനം. 

കോടിപതികളുടെ പോരാട്ടം

ഷിംല: ഹിമാചല്‍പ്രദേശില്‍ നടക്കുന്നത് കോടിപതികള്‍ തമ്മിലുള്ള പോരാട്ടം. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും കോടിപതികളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 90 ശതമാനവും കോടിപതികളാണെങ്കില്‍ ബിജെപിയുടേത് 82 ശതമാനമാണ്. 67 സ്ഥാനാര്‍ത്ഥികളുള്ള ആംആദ്മിയുടെ 35 (52 ശതമാനം) പേരും അതിസമ്പന്നരാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീംഫോസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

68 നിയമസഭാ സീറ്റുകളിലും മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ 61 സ്ഥാനാര്‍ത്ഥികളും കോടിപതികളാണ്. ബിജെപിയുടെ 56 പേരാണ് ഈ പട്ടികയിലുള്ളത്. 53 സീറ്റുകളിലാണ് ബിഎസ്‌പി മത്സരിക്കുന്നത്. പാര്‍ട്ടിയുടെ 25 ശതമാനം (13) സ്ഥാനാര്‍ത്ഥികളും കോടിപതികളാണ്. സിപിഐഎമ്മിന്റെ നാലും 45 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും കോടിപതികളുടെ പട്ടികയിലുണ്ട്.
ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാന (226 )വും കോടിപതികളാണെന്നും എഡിആര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതല്‍ ആസ്തിയുള്ളവരുടെ പട്ടികയില്‍ ഒന്നാമത് ഷിംലയിലെ ചോപ്പല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ ബല്‍വീര്‍ സിങ് വര്‍മയാണ്. 128 കോടിയാണ് ബല്‍വീറിന്റെ ആസ്തി. 

ഷിംല റൂറലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ്ങാണ് തൊട്ടടുത്ത സ്ഥാനത്ത്. ആസ്തി 101 കോടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി എസ് ബാലിയുടെ മകന്‍ ആര്‍ എസ് ബാലി (96.36 കോടി)യാണ് മൂന്നാം സ്ഥാനത്ത്. നഗ്രോട്ട സീറ്റില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.

കോടിപതികളായ സ്ഥാനാര്‍ത്ഥികളില്‍ 66 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. 30 കേസുകളുള്ള സിപിഐ(എം) സ്ഥാനാര്‍ത്ഥിയാണ് ഏറ്റവും മുന്നില്‍. രണ്ടാം തവണയും മത്സരിക്കുന്ന 58 എംഎല്‍എമാരില്‍ 49 പേരുടെ (84 ശതമാനം) സമ്പത്തില്‍ അഞ്ച് മുതല്‍ 1,167 ശതമാനം വരെ വര്‍ധനവ് ഉണ്ടായി. ഒമ്പത് എംഎല്‍എമാരുടെ സമ്പത്ത് നാല് മുതല്‍ 37 ശതമാനം കുറഞ്ഞു. 2017ലെ തെരഞ്ഞെടുപ്പില്‍ 58 എംഎല്‍എമാരുടെ ശരാശരി ആസ്തി 9.30 കോടിയായിരുന്നു. ഈ വര്‍ഷമിത് 12.08 ശതമാനമായി ഉയര്‍ന്നുവെന്നും എഡിആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Polling under­way in Himachal Pradesh: The bat­tle of the crorepatis is on

You may also like this video

Exit mobile version