Site iconSite icon Janayugom Online

മലിനീകരണം, അതിശൈത്യം; ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍

അതിശൈത്യം പിടിമുറുക്കിയ രാജ്യതലസ്ഥാനത്ത് വീണ്ടും ഗ്രാപ്പ് മൂന്ന് നിയന്ത്രണങ്ങളുമായി കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം). വായുഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ദേശീയ തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസാണ്. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഗ്രാപ്പ് മൂന്നിന്റെ കീഴില്‍ വരുന്ന ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ സ്കൂളുകളിലെയും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം ഹൈബ്രിഡ് മോഡിലേക്ക് മാറ്റി. കൂടാതെ മേഖലയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ്-നാല് സര്‍ട്ടിഫിക്കേഷന് താഴെയുള്ള ചരക്കുവാഹനങ്ങള്‍ക്ക് ആവശ്യ സേവനങ്ങള്‍ നല്‍കാനല്ലാതെ തലസ്ഥാനത്തേക്ക് പ്രവേശനമില്ല. ബിഎസ്-നാലിന് താഴെയുള്ള ചരക്കു വാഹനങ്ങള്‍ക്കും ഇനിയൊരറിയിപ്പുണ്ടാകും വരെ മേഖലയില്‍ പ്രവേശനമുണ്ടാകില്ല. ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയങ്ങളിലും മാറ്റങ്ങള്‍ വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. 366 ആണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക. ഈ മാസം ഏഴിന് 233 രേഖപ്പെടുത്തിയ വായുഗുണനിലവാരമാണ് ഒമ്പത് ദിവസം കൊണ്ട് വളരെ മോശം വിഭാഗത്തിലെത്തിയത്. കഴിഞ്ഞ മാസം ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വായുഗുണനിലവാരം വളരെ ഗുരുതരമായിരുന്നു. വായുഗുണനിലവാരം വളരെ മോശം നിലയിലായിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത ഡല്‍ഹി സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ മാസം അഞ്ചിന് രാജ്യതലസ്ഥാനത്തെ ഗ്രാപ്പ് 4 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വായുമലിനീകരണം വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. 

Exit mobile version