മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കോടതി നിരീക്ഷിച്ചു.
കേരളം മുഴുവൻ ഒരു നഗരമായാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശ്യമെന്നും കോടതി പറഞ്ഞു. സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുളള ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും എജി കോടതിയെ അറിയിച്ചു. ഉടൻ വേണ്ടതും ദീർഘകാലത്തേക്ക് ആവശ്യമുള്ളതുമായ പദ്ധതി വേണം. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല. ശാശ്വത പരിഹാരമാണ് വേണ്ടത്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു.
നിയമങ്ങൾ അതിന്റെ യഥാർത്ഥ ഉദ്ദേശത്തിൽ നടപ്പാക്കപ്പെടണമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്താകെ മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനമുണ്ടാകണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുളള സംവിധാനം ശക്തമാക്കിയേ പറ്റൂ. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു.
വീട്ടുപടിക്കലെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. സർക്കാരിന്റെ പൂർണ പിന്തുണയാണ് ആവശ്യമായിട്ടുളളതെന്നും യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നിർമാജനത്തിന് സംസ്ഥാനത്തിനുണ്ടാകേണ്ടതെന്നും കോടതി പറഞ്ഞു.
ഹർജി പരിഗണിക്കവെ ഇതുവരെ ബ്രഹ്മപുരത്ത് വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി നൽകാൻ വൈദ്യുത ബോർഡിനോട് ഹൈക്കോടതി ഉത്തരവിട്ടു.
English Summary: Pollution-free environment is a human right: High Court
You may also like this video