Site iconSite icon Janayugom Online

മലിനീകരണം: ലോകത്ത് 2019ല്‍ മാത്രം മരിച്ചത് ഒമ്പത് ദശലക്ഷം ആളുകള്‍, കുട്ടികളുടെ ബുദ്ധിവികാസത്തിനും ദോഷകരം

pollutionpollution

മലിനീകരണം മൂലം ലോകത്ത് 2019‑ൽ ഏകദേശം ഒമ്പത് ദശലക്ഷം ആളുകൾ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. വായുവില്‍ ലെഡ് മൂലകത്തിന്റെ സാന്നിദ്ധ്യം മരണസംഖ്യ വര്‍ധിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്തത്തിലെ ഉയർന്ന ലെഡ് അളവ് ദശലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ ഇത് തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.

വായുവിലും വെള്ളത്തിലും മണ്ണിലും മനുഷ്യര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് കാരണമാക്കുന്നതായും ആളുകളെ മരണത്തിലേക്ക് നയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മലിനീകരണംമൂലമുണ്ടാകുന്ന മരണങ്ങള്‍ ആഗോളതലത്തില്‍ സാമ്പത്തിക നഷ്ടങ്ങള്‍ക്കും കാരണമായതായും വിലയിരുത്തലുകളുണ്ട്. മലിനീകരണവും ആരോഗ്യവും സംബന്ധിച്ച ലാൻസെറ്റ് കമ്മീഷൻ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആഗോള ആരോഗ്യത്തിൽ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം യുദ്ധം, ഭീകരത, മലേറിയ, എച്ച്ഐവി, ക്ഷയം, മയക്കുമരുന്ന്, മദ്യം എന്നിവയേക്കാൾ വളരെ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിനൊപ്പം ഭൂമിയുടെ അസ്തിത്വത്തിനും ഭീഷണിയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു. ഫോസിൽ ഇന്ധനങ്ങളും ജൈവ ഇന്ധനങ്ങളും കത്തിക്കുന്നതുമൂലമുണ്ടാകുന്ന മലിനീകരണം ആഗോളതലത്തിൽ മൊത്തം 6.7 ദശലക്ഷം മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ലാൻസറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 2015‑ൽ ഇത് 4.2 ദശലക്ഷവും 2000‑ൽ 2.9 ദശലക്ഷവും ആയിരുന്നു. ലോകത്ത് മലേറിയയോ എയ്ഡ്സോ മൂലമുണ്ടാകുന്നതിനെക്കാള്‍ മരണം മലിനീകരണംകൊണ്ട് ഉണ്ടാകുന്നുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ ആരും ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകില്ലെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

Eng­lish Sum­ma­ry:  Pol­lu­tion: Nine mil­lion peo­ple died in the world in 2019 alone

You may like this video also

Exit mobile version