Site iconSite icon Janayugom Online

പൊങ്കൽ റിലീസ് മുടങ്ങുമോ? സെൻസർ കുരുക്കിനെതിരെ ‘ജനനായകൻ’ നിർമ്മാതാക്കള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ

പൊങ്കൽ റിലീസായി ജനുവരി 9ന് തിയറ്ററുകളിൽ എത്താനിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ പ്രതിസന്ധിയിൽ. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതിനെത്തുടർന്ന് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കും. സെൻസർ ബോർഡിന്റെ നടപടി അസാധാരണമാണെന്ന് വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ ടി വി കെ ആരോപിച്ചു.

മതവികാരം വ്രണപ്പെടുത്തി, സൈന്യത്തെ അവഹേളിച്ചു തുടങ്ങിയ സെൻസർ ബോർഡിന്റെ വാദങ്ങൾ വിചിത്രമാണെന്ന് നിർമ്മാതാക്കൾ കോടതിയിൽ വ്യക്തമാക്കി. ചിത്രം കണ്ടത് സെൻസർ ബോർഡ് അംഗങ്ങൾ മാത്രമാണെന്നിരിക്കെ പുറത്തുനിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ യു/എ സർട്ടിഫിക്കറ്റ് നിഷേധിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ വാദം. 500 കോടി രൂപ ചിലവിൽ നിർമ്മിച്ച ചിത്രം 5000 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കാൻ കരാർ ചെയ്തിട്ടുള്ളതാണെന്നും റിലീസ് വൈകുന്നത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയിൽ പറയുന്നു.

വിജയിന്റെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകതയുള്ള ‘ജനനായകൻ’ എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കോടതി വിധി അനുകൂലമായാൽ മാത്രമേ വ്യാഴാഴ്ച റിലീസ് സാധ്യമാകൂ.

Exit mobile version