മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ റിക്കി പോണ്ടിങ് പഞ്ചാബ് കിങ്സിന്റെ പരിശീലകനായി ചുമതലയേറ്റു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാണ് പുതിയ ഫ്രാഞ്ചൈസിയിലേക്കെത്തിയിരിക്കുന്നത്. ഏഴു വർഷത്തോളം ഡൽഹി ക്യാപിറ്റൽസിനൊപ്പം പ്രവർത്തിച്ച ശേഷമാണ് പോണ്ടിങ് ടീം വിടുന്നത്. പഞ്ചാബ് കിങ്‌സുമായി നാലുവര്‍ഷത്തെ കരാറാണ് പോണ്ടിങ്ങിനുള്ളത്. 2028 വരെ തുടരും.
കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പോണ്ടിങ് പരിശീലകനായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ നാലു സീസണുകളില്‍ പഞ്ചാബിന്റെ പരിശീലകനാകുന്ന മൂന്നാമത്തെ കോച്ചാണ് പോണ്ടിങ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ട്രെവര്‍ ബെയ്‌ലിസിന്റെ കസേര തെറിച്ചത്. 2014ൽ റണ്ണേഴ്സ് അപ്പായതിനു ശേഷം പ്ലേ ഓഫില്‍ പോലും എത്താന്‍ കഴിയാത്ത പഞ്ചാബിന് ഇതുവരെ ഐപിഎല്‍ കിരീടം നേടാനും കഴിഞ്ഞിട്ടില്ല.
പഞ്ചാബിന്റെ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയെന്ന് പോണ്ടിങ് തീരുമാനിക്കും. നിലവിലെ ക്യാപ്റ്റൻ ശിഖർ ധവാൻ അടക്കം ടീം വിടാനുള്ള സാധ്യതയുണ്ട്. പഞ്ചാബ് കിങ്സിനും ഇതുവരെ ഐപിഎൽ കിരീടം വിജയിക്കാൻ സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിന്റെ മുൻ പരിശീലകൻ കൂടിയായ പോണ്ടിങ്ങിലൂടെ ഇതു സാധ്യമാകുമെന്നാണ് പഞ്ചാബ് ഫ്രാഞ്ചൈസി ഉടമകൾ സ്വപ്നം കാണുന്നത്. ക്യാപ് സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിങ്, അശുതോഷ് ശര്‍മ്മ, അര്‍ഷ്ദീപ് സിങ്, ജിതേഷ് ശര്‍മ്മ, വിദേശ താരങ്ങളായ സാം കറന്, ലിയാം ലിവിങ്സ്റ്റണ്, ജോണി ബെയര്‍സ്റ്റോ, കാഗിസോ റബാദ എന്നിവരില്‍ ആരെയൊക്കെ പഞ്ചാബ് നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.