Site iconSite icon Janayugom Online

പൂഞ്ച് ഭീകരാക്രമണം: മര ണം അഞ്ചായി

പൂഞ്ചിലെ ഭീകരാക്രമണത്തിൽ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈ­നികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആക്രമണം നടന്ന ഉടൻ തന്നെ സൈന്യം പ്രദേശം മുഴുവൻ വളഞ്ഞിരുന്നു.
ഗുരുതരമായി പരിക്കേറ്റ് രണ്ട് സൈനികർ ചികിത്സയിലുണ്ട്. ഇതിനിടെ പൂഞ്ച് ആക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയുടെ ഉപഘടകമാണ് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്.
വ്യാഴാഴ്ച വൈകുന്നേരം പൂഞ്ച് ജില്ലയിലെ ബ‌‌ഫ‌്ലിയാജിലെ സവാനി മേഖലയിലായിരുന്നു രണ്ട് സൈനിക വാഹനങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടായത്. രജൗരി-തന്നമണ്ടി-സുരൻകോട്ട് റോഡിലൂടെ വന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ പതിയിരുന്ന് ആക്രമണം നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. പിന്നാലെ രണ്ട് വാഹനങ്ങളും വളഞ്ഞ ഭീകരർ തുടരെ വെടിയുതിർക്കുകയായിരുന്നു. 

മഞ്ഞുവീഴ്ചയുടെ മറവില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു. രജൗരി ‑പൂഞ്ച് മേഖലകളുടെ അതിര്‍ത്തിയാണിത്. വലിയ വളവും മോശം റോഡും ആയതിനാല്‍ സൈനിക വാഹനം വേഗത കുറയും എന്ന കണക്കുകൂട്ടലിലാണ് ഭീകരര്‍ ആക്രമിച്ചത്. നാല് മുതൽ ആറ് വരെ ഭീകരർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും സൂചനയുണ്ട്.
ഒരു മാസത്തിനിടെ മേഖലയില്‍ സൈന്യത്തിനുനേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞമാസം രജൗരിയിലെ കലക്കോട്ടില്‍ രണ്ട് ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളില്‍ 10 സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. 

Eng­lish Sum­ma­ry: Poonch ter­ror attack: De ath toll ris­es to five

You may also like this video

Exit mobile version