Site iconSite icon Janayugom Online

പാവപ്പെട്ടവർക്ക് തൊഴിൽ പദ്ധതികളില്ല: തൊഴിലുറപ്പ് പദ്ധതിക്കും അവഗണന

നോട്ട് റദ്ദാക്കലും കോവിഡ് മൂലമുണ്ടായ വളർച്ചാമാന്ദ്യവും വഴി പ്രയാസപ്പെടുന്ന ദരിദ്രരെ സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് പണം ചെലവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വീണ്ടും ഉറപ്പാക്കി മോഡി സർക്കാർ. സാധാരണക്കാരുടെ തൊഴിൽ, വരുമാനം എന്നിവയ്ക്ക് പദ്ധതികളൊന്നുമില്ലാത്ത കേന്ദ്ര ബജറ്റ് നിലവിലുള്ള ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ ഇല്ലാതാക്കുമെന്ന നയം വ്യക്തമാക്കുകയും ചെയ്തു. 2018–19 കാലത്ത് 61,815 കോടിയും 2019–20 ൽ 71,002 കോടിയും നീക്കിവച്ചിരുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 73,000 കോടിയാണ് പ്രഖ്യാപിച്ചത്. 

2021 ലെ ബജറ്റിൽ 61,500 കോടി രൂപ മാത്രമാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവച്ചത്. എന്നാൽ കോവിഡ് ഉത്തേജക പാക്കേജായി അവതരിപ്പിച്ച ആത്മനിർഭർ പദ്ധതി വഴി 50, 000 കോടി രൂപ കൂടുതലായി വകയിരുത്തിയതോടെ 1,11,500 കോടിരൂപ പദ്ധതിക്കായി മാറ്റിവച്ചു. ഈ തുക പോലും അതുവരെയുള്ള വേതന കുടിശിക തീർക്കാനും വേതനം കൊടുക്കാനും തികയില്ലായിരുന്നു. എന്നിട്ടും ഇത്തവണ നീക്കിവച്ചിരിക്കുന്നത് വെറും എഴുപത്തിമൂവായിരം കോടി. അതും കോവിഡ് പ്രതിസന്ധിയോടെ തൊഴിലുറപ്പ് പദ്ധതിയിൽ വർധനവുണ്ടായ സാഹചര്യത്തിൽ. 

കോവിഡിന്റെ ഒന്നാം തരംഗം ഉണ്ടായ 2020 ൽ രാജ്യത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലവസരം വർധിച്ചതായി കേന്ദ്രസർക്കാർ സാമ്പത്തിക സർവേ ഫലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 നെ അപേക്ഷിച്ച് 2021 ലെ മിക്ക മാസങ്ങളിലും പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലിന് ആവശ്യം കൂടുതലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

രാജ്യത്ത് 9.87 കോടി കുടുംബങ്ങളിൽ നിന്നായി 15.19 കോടി തൊഴിലാളികളാണു പദ്ധതിയെ ആശ്രയിക്കുന്നത്. തൊഴിൽ കാർഡ് എടുത്ത 29.9 കോടി പേരുണ്ട്. ആകെ തൊഴിലാളികളുടെ 20. 21 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 16.11 ശതമാനം പട്ടികവർഗത്തിൽപ്പെട്ടവരുമാണ്. 36.32 ശതമാനം തൊഴിലാളികളും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. ദേശീയാടിസ്ഥാനത്തിൽ 54.26 ശതമാനമാണ് വനിതകളുടെ പങ്കാളിത്തം. 33 ശതമാനം സ്ത്രീകൾക്ക് തൊഴിൽ സംവരണം ചെയ്ത പദ്ധതിയിൽ കേരളത്തിൽ 93 ശതമാനവും സ്ത്രീകളാണ്. 

ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് സമാനമായ ഒരു നഗര തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലും വേണമെന്ന ആവശ്യം യുവജന സംഘടനകളിൽ നിന്ന് മാത്രമല്ല, തൊഴിലാളി യൂണിയനുകളിൽ നിന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പോലുള്ള വ്യവസായ വിഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. നഗരങ്ങളിലെ തൊഴിലാളികൾക്കായി ഒരു ‘തൊഴിലുറപ്പ് പദ്ധതി’ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് 2021 ഓഗസ്റ്റ് മൂന്നിലെ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോർട്ടിലും പറയുന്നു. എന്നാൽ സർക്കാർ അതിന് ശ്രദ്ധ കൊടുത്തിട്ടില്ല. കേരളം, ഹിമാചൽ പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ഇതിനകം നഗര തൊഴിലുറപ്പ് പദ്ധതികളുമായി പ്രവർത്തിക്കുന്നുണ്ട്. ഇവ വികസിപ്പിക്കാൻ പോലും കേന്ദ്രസർക്കാർ തയാറായിട്ടില്ല. 

ENGLISH SUMMARY:poor have no employ­ment schemes: the employ­ment guar­an­tee scheme is neglected
You may also like this video

Exit mobile version