Site iconSite icon Janayugom Online

പഠനത്തില്‍ മോശം; മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. ആന്ധ്രാപ്രദേശിലെ കാക്കിനഡ നഗരത്തിൽ വെള്ളിയാഴ്ചയായിരുന്നു ദാരുണസംഭവം. മൂത്ത മകന്‍ ഏഴ് വയസുകാരനായ ജോഷിലും ആറ് വയസുകാരനായ നിഖിലുമാണ് കൊല്ലപ്പെട്ടത്. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സരബുദ്ധിയുടെ ലോകത്ത് മക്കള്‍ കഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ കൈകാല്‍ ബന്ധിച്ച് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. കാക്കിനഡയിലെ സുബ്ബറാവു നഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഒഎന്‍ജിസിയുടെ കാക്കിനഡയിലെ വകലപുടിയിലുള്ള ഓഫിസില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു കിഷോര്‍. 

തിങ്കളാഴ്ച രാവിലെ കുടുംബത്തോടൊപ്പം ഓഫിസിലെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കുകയും ഇതിനിടെ യൂണിഫോമിന് അളവെടുക്കാനെന്ന് പറഞ്ഞ് കുട്ടികളെ കൂട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഒരുപാട് സമയം കഴിഞ്ഞിട്ടും ഭര്‍ത്താവും മക്കളും മടങ്ങി വരാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ ഭാര്യ റാണി ഇവരെ തിരക്കി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കാക്കിനഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Exit mobile version