പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4 ജി ടവറുകളുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് വ്യാപക പരാതിയുയരുന്നതായി സ്ഥാപനത്തിലെ ജീവനക്കാരുടെ സംഘടനകൾ. ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ് ) നിർമിച്ച് നൽകിയ ഒരു ലക്ഷം ടവറുകളുടെ മോശം പ്രകടനത്തിൽ അതൃപ്തരായി വരിക്കാർ ബിഎസ്എൻഎൽ വിടുന്ന സാഹചര്യത്തിൽ സ്ഥാപനത്തിന്റെ രക്ഷയ്ക്കായി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടലാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ടവറുകളുടെ മോശം പ്രകടനത്തെക്കുറിച്ച് ഉപഭോക്താക്കളുടെ പരാതി വർധിക്കുന്നതിനിടയിലും പുതുതായി ഒരു ലക്ഷം ടവറുകൾക്ക് കൂടി ഓർഡർ നൽകാനുള്ള നീക്കം മറുവശത്ത് കൊണ്ടു പിടിച്ച് നടക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് 4ജി ലഭിക്കുന്നില്ല. വോയ്സ് കോളും ഇന്റർനെറ്റ് ഡാറ്റ ഡൗൺലോഡിങ്ങും കാര്യക്ഷമമാകുന്നില്ല. ഇത് വരിക്കാർക്കിടയിൽ അതൃപ്തി വ്യാപകമാക്കുന്നു. ഇതിന്റെ ഫലമായി എല്ലാ മാസവും വരിക്കാർ കൊഴിയുകയും അവർ സ്വകാര്യ കമ്പനികളിലേക്ക് മാറുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബറിൽ 8.7 ലക്ഷമാണ് കൊഴിഞ്ഞു പോയത്. ഈ വർഷം ജനുവരിയായപ്പോൾ 11 ലക്ഷം പേർകൂടി വിട്ടു പോയി. കേന്ദ്ര സർക്കാർ വോഡഫോൺ ഐഡിയയിൽ ഓഹരിയുടമ കൂടിയാണ്. അവരുടെ 4ജി നെറ്റ്‌വര്‍ക്ക് ബിഎസ്എൻഎല്ലുമായി പങ്കു വയ്ക്കാൻ കഴിഞ്ഞാൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും ഘട്ടംഘട്ടമായി സേവനം മെച്ചപ്പെടുത്താനും വിട്ടു പോയ ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാനും കഴിയുമെന്നും സംഘടനകൾ നിർദ്ദേശിക്കുന്നു.
തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ പരിഹരിച്ചു. അടുത്ത വർഷം ജൂലൈ — ഓഗസ്റ്റ് ആകുമ്പോഴേക്ക് പൂർണതയിലെത്തും — ഇതായിരുന്നു പ്രശ്നത്തിൽ ലാഘവത്തോടെയുള്ള വകുപ്പ് സഹമന്ത്രിയുടെ കഴിഞ്ഞ മാസത്തെ പ്രതികരണം. ബിഎസ്എൻഎൽ 4ജി ടറുകളുടെ സേവനം അടുത്ത വർഷം പൂർണതയിലെത്തുന്നതുവരെ വരിക്കാർ കാത്ത് നിൽക്കുമോ എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. ഈ സ്ഥിതിയിലാണ്, ഒരു ലക്ഷം ടവറുകൾക്ക് കൂടി ഓർഡർ നൽകാൻ ടെലികോം മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി തത്രപ്പെടുന്നത്.
2019 ൽ കേന്ദ്രം പ്രഖ്യാപിച്ച ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിലെ മുഖ്യ ഇനമായിരുന്നു 4 ജി സ്പെക്ട്രം. ടിസിഎസ് കൂടാതെ ടാറ്റയുടെ തന്നെ തേജസ് നെറ്റ്വർക്ക്, സെന്റർ ഫോർ ഡെവല് മെന്റ് ഓഫ് ടെലിമാറ്റിക്സ്, ഐടിഐ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ബിഎസ്എൻഎല്ലുമായി സഹകരിക്കുന്നുണ്ട്. ഒരു ലക്ഷം ടവറുകൾക്ക് 13,000 കോടിയുടേതാണ് കരാർ. 10 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികളടക്കമാണിത്.

