ഒല, ഉബര്‍, ആമസോണ്‍ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗിഗ് ജീവനക്കാരുടെ തൊഴില്‍ സാഹചര്യം മോശം നിലവാരത്തിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഐടി ആന്റ് പബ്ലിക്ക് പോളിസിയും ഐഐഐടി ബാംഗ്ലൂരും ചേര്‍ന്ന് തയ്യാറാക്കിയ ഫെയര്‍വര്‍ക്ക് ഇന്ത്യ റേറ്റിങില്‍ ഏറ്റവും മോശം നിലവാരമാണ് പ്രമുഖ ബ്രാന്‍ഡുകള്‍ക്കുള്ളത്. ഓണ്‍ലെെന്‍ പ്ലാറ്റ്ഫോം സമ്പദ്‍വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഏറ്റവും മികച്ചതും മോശവുമായ പ്രവര്‍ത്തനശെെലികളെ അടയാളപ്പെടുത്തുകയാണ് ഫെയര്‍വര്‍ക്ക് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ന്യായമായ വേതനം, വ്യവസ്ഥകള്‍,കരാര്‍, നടത്തിപ്പ്, പ്രാതിനിധ്യം എന്നീ അഞ്ച് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തല്‍.
ബംഗളൂരു, ഡല്‍ഹി, കൊച്ചി എന്നീ നഗരങ്ങളിലെ തൊഴിലാളികളുമായി നടത്തിയ അഭിമുഖം, ഡസ്‌ക് റിസര്‍ച്ച്, സാധ്യമായ അവസരങ്ങളില്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ആമസോണ്‍ ഫ്‌ളെക്‌സ്, ബിഗ് ബാസ്‌കറ്റ്, ഡന്‍സോ, ഫ്ലിപ്പ്കാര്‍ട്ട്, ഒല, ഫാംഈസി, പോര്‍ട്ടര്‍, സ്വിഗ്ഗി, ഊബര്‍, അര്‍ബന്‍ കമ്പനി, സെപ്‍റ്റോ, സൊമാറ്റോ എന്നീ ഓണ്‍ലെെന്‍ തൊഴിലിടങ്ങളെയാണ് ഫെയര്‍വര്‍ക്ക് റേറ്റിങ് വിലിയിരുത്തിയത്. ഈ വര്‍ഷം ഇതില്‍ ഒരു പ്ലാറ്റ്‌ഫോം പോലും പത്തില്‍ ഏഴ് പോയിന്റില്‍ കൂടുതല്‍ നേടിയില്ല.
പ്രമുഖ കമ്പനികളായ ഒല, ഊബര്‍, ഫാം ഈസി എന്നീ പ്ലാറ്റഫോമുകള്‍ മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിഗ് ബാസ്ക്കറ്റ്, ഫ്ലിപ്പ്കാര്‍ട്ട്, അര്‍ബന്‍ കമ്പനി എന്നിവയൊഴികെ തൊഴില്‍ സംബന്ധമായ ചെലവുകള്‍ കഴിഞ്ഞിട്ട് തൊഴിലാളികള്‍ക്ക് ഒരു മണിക്കൂര്‍ അടിസ്ഥാനത്തില്‍ തദ്ദേശീയമായി അടിസ്ഥാന വേതനം ലഭിക്കുന്നുണ്ടെന്ന് പരസ്യമായി ഉറപ്പു നല്‍കാനോ തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ജീവനക്കാരുടെ സ്ഥിര വരുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന വേതന നയം പ്രാവര്‍ത്തികമാക്കാന്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നു.
ന്യായമായ വേതനം എന്ന വിഭാഗത്തില്‍ അര്‍ബന്‍ കമ്പനി, ബിഗ്ബാസ്ക്കറ്റ്, ഫ്ലിപ്പ്കാര്‍ട്ട് എന്നീ പ്ലാറ്റ്ഫോമുകളാണ് ആദ്യ പോയിന്റ് നേടിയത്. ചികിത്സ ആവശ്യമായ രോഗങ്ങള്‍ പിടിപെടുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്ന ലോസ് ഓഫ് പേ നയം നടപ്പിലാക്കിയത് മൂന്ന് കമ്പനികള്‍ മാത്രമാണ്. ഏഴ് കമ്പനികള്‍ക്കാണ് ന്യായമായ കരാര്‍ വ്യവസ്ഥകളുള്ളത്. ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക സുരക്ഷ തുടങ്ങിയ ജീവനക്കാര്‍ക്കുള്ള നിര്‍ണായക ആനുകൂല്യങ്ങൾ കമ്പനികള്‍ വിപുലീകരിക്കുന്നില്ല.
പ്രമുഖ കമ്പനികളുള്‍പ്പെടെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷിതത്വവും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഗിഗ് തൊഴിലാളികളെ അസംഘടിത തൊഴിലാളികളോ ജീവനക്കാരോ ആയി പരിഗണിക്കമെന്ന ആപ്പ് അധിഷ്‌ഠിത ട്രാൻസ്‌പോർട്ട് തൊഴിലാളി ഫെഡറേഷന്‍ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹര്‍ജിയിലും ഇതുവരെ തീരുമാനമായിട്ടില്ല.
English Summary: Poor Working Conditions for Gig Workers
You may also like this video