Site iconSite icon Janayugom Online

‘പൂത’പാഠം

ഒന്ന്
പൂതവും നങ്ങേലിയും രണ്ടമ്മ മുഖങ്ങൾ
രണ്ടിലും പിന്നെയും രണ്ടു മുഖങ്ങൾ
രണ്ടും വേണമെന്നിന്നുണ്ണികൾ
ഇരയാകാതെ കാലം കഴിക്കാൻ 

രണ്ട്
വിലാസമറിയാതെ ഉണ്ണിയെ തേടി
പൂതം കാലത്തിൻ്റെ വിങ്ങലായി
‘കൊന്ന പാപം തിന്നു തീർത്തിട്ടും’
ഒടുങ്ങുന്നില്ല അലച്ചലിന്റെ വഴി 

മൂന്ന്
വില്ലത്തമില്ലാതെ കവി ജയിപ്പിച്ച കഥയിൽ
പൂതമേ, നീയെങ്ങനെ വില്ലത്തിയായി
പൂതത്തെക്കാട്ടി പേടികാട്ടുന്നുണ്ട-
മ്മമാരിപ്പൊഴും-ഉണ്ണാത്തയുണ്ണികളെ

നാല്
വന്നു കണ്ടോളാൻ പറഞ്ഞു
വീടു വിട്ടുപറഞ്ഞില്ല
കാട്ടിലെ പൊട്ട പൂതത്തിന്
മാളികവീട്ടിലേക്കു വഴിവെട്ടാൻ
ഒരു കാലവും വളർന്നില്ല 

അഞ്ച്
കാട്ടിലമ്മേ! പൂതമേ, ഞങ്ങൾ കുട്ടികൾ
പേടിയുടെ പത്തായമുട്ടിലായിരുന്നു
നീതിയുടെ താക്കോലാൽ മനസു
തുറന്ന നാൾ മുതൽ
പടിപ്പുര കടന്ന്, പാതയിൽ
പാലപ്പൂമണം കാത്ത് നിൽപ്പാണ്
അടിയും തടയും പഠിപ്പിച്ചേക്കണം
കരുവും ഇരയുമാകാതെ
സ്വയംരക്ഷയുടെ കാറ്റാകാൻ
തീയാകാൻ 

ആറ്
പെറ്റില്ലെങ്കിലും ഉറ്റവരാകുമെ-
ന്നുറപ്പിക്കാൻ
വീടറിഞ്ഞിട്ടും പൂതം കേറാതെ
പോയതാണെന്നു ധരിപ്പിക്കാൻ
പൂതമേ, ഞങ്ങൾ കണ്ണ് -
ചൂഴ്ന്നു കൊടുക്കില്ല
തിരിച്ചു കിട്ടുമെന്നുറപ്പില്ലാത്ത-
യീകാലത്ത് ‑ഈ നാട്ടകത്ത് 

Exit mobile version