പെരുമണില്‍ വിനോദ യാത്രയ്ക്ക് മുമ്പ് കൊമ്പന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. പൂത്തിരി കത്തിക്കാന്‍ ഒരു ബസിന് മുകളില്‍ സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസിലെ ഇലക്ട്രിക്ക് സംവിധാനം ഉപയോഗിച്ച് പൂത്തിരി കത്തിക്കുന്നത്. കഴിഞ്ഞ ദിവസം തീ പടര്‍ന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
സംഭവത്തില്‍ ഇന്നലെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. സംഭവത്തില്‍ സര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ വിശദീകരണം നല്‍കും. പെരുമണ്‍ എഞ്ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ സംഘം വിനോദ യാത്ര പുറപ്പെടും മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്. അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മോട്ടാര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ശേഷം കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‌റ് വിഭാഗത്തിന് കൈമാറും. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ബസുകള്‍ക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന് കൊല്ലം പൊലീസ് പ്രത്യേകം കേസെടുക്കും. വിനോദ യാത്ര പുറപ്പെടും മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. തീ ബസിലേക്ക് പടര്‍ന്നെങ്കിലും ഉടന്‍ അണച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാന്‍ ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാല്‍ പുത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടര്‍ന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ജീവനക്കാര്‍ തന്നെ ബസിന്റെ മുകളില്‍ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. അധ്യാപകര്‍ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ബസുകള്‍ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
English summary; Poothiri above tourist bus; Recommend cancellation of driver’s license
You may also like this video;