മ്യാൻമാറിൽ പട്ടാളം പുറത്താക്കി തടവിൽ താമസിപ്പിച്ചിരിക്കുന്ന മുൻ ഭരണാധികാരി ഓങ് സാൻസൂചിയെ മോചിപ്പിക്കണമെന്ന് മാർപാപ്പ. 2021 ഫെബ്രുവരി 1 ന് പട്ടാള അട്ടിമറി നടന്ന ദിവസം മുതൽ സൂചി ഏകാന്ത തടവിലാണ്. അഴിമതി, രാജ്യ ദ്രോഹക്കുറ്റം അടക്കം 18 കേസുകളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. 48 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. 1991 ലെ നൊബേൽ സമ്മാന ജേതാവാണ് സൂചി. ആവശ്യമെങ്കിൽ അവർക്കു വത്തിക്കാനിൽ അഭയം നൽകാമെന്നും മാർപാപ്പ വാഗ്ദാനം ചെയ്തു. സൂചിയുടെ മകനെ കണ്ടിരുന്നെന്നും സൂചിയെ റോമിലേക്ക് സ്വീകരിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചെന്നും മാർപാപ്പ അടുത്തിടെ തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിനിടെ ഈശോ സഭാ വൈദികരുമായി നടത്തിയ സ്വകാര്യ യോഗത്തിലാണു വ്യക്തമാക്കിയത്.
റോമിലെ ഈശോസഭാ വൈദികൻ മാർപാപ്പയുടെ അനുമതിയോടെ ഇറ്റാലിയൻ മാധ്യമത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് നിലപാട് ചർച്ചയായത്. ജനാധിപത്യത്തിലും പൗരാവകാശ സംരക്ഷണത്തിലും അടിത്തറയിട്ട സമാധാനത്തിലൂടെ മാത്രമേ മ്യാൻമറിനു ഭാവിയുള്ളുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. 2017ൽ മാർപാപ്പ മ്യാൻമർ സന്ദർശിച്ചിരുന്നു. മ്യാൻമർ സ്വാതന്ത്ര്യപോരാളി ഓങ് സാനിന്റ മകളായ സൂചിയെ അടുത്തിടെ ജയിലിൽ നിന്നു വീട്ടുതടങ്കലിലേക്കു മാറ്റി.