പശ്ചിമേഷ്യയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണം ഒമ്പതാം ദിവസവും തുടരുന്നതിനിടെയാണ് പോപ്പ് വീണ്ടും ആക്രമണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. സംഘർഷം വിദ്വേഷവും ഭയവും വർധിപ്പിക്കുമെന്നും ആക്രമണം മറ്റ് മേഖലകളിലേക്ക് വ്യാപിക്കുമോ എന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പോപ്പ് പറഞ്ഞു.
ലെബനൻ ഉൾപ്പടെയുള്ള മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് സംഘർഷം വ്യാപിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത് കൂടുതൽ പ്രശ്‌നങ്ങളിലേക്കും അസ്ഥിരതകളിലേക്കും വഴിവെച്ചേക്കാമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാർത്ഥനയിൽ ലിയോ പതിനാലാമൻ പറഞ്ഞു. ആയുധങ്ങൾ നിശബ്ദമാകാനും ബോംബുകളുടെ ഗർജ്ജനം നിലയ്ക്കാനും ജനങ്ങളുടെ ശബ്ദം കേൾക്കുന്ന സംവാദത്തിന്റെ വാതിലുകൾ തുറക്കാനുമായി പ്രാർത്ഥിക്കാമെന്നും പോപ്പ് ആഹ്വാനം ചെയ്തു.

